വ്യാജപരാതി
പരിശോധനയ്ക്കുമുന്പ് രഹസ്യാന്വേഷണം നടത്തണം

തിരുവനന്തപുരം
വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ ലഭിക്കുമ്പോൾ വീട് പരിശോധിക്കുന്നതിനുമുന്പ് എക്‌സൈസ് സംഘം പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെടണമെന്ന് മനുഷ്യാവകാശ കമീഷൻ. കേൾവിശക്തിയും സംസാര ശേഷിയുമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശിയുടെ വീട്ടിൽ സർക്കുലറിന് വിരുദ്ധമായി റെയ്ഡ് നടത്തിയതായി ലഭിച്ച പരാതിയിലാണ് നിർദേശം. വിഷയത്തിൽ തിരുപുറം എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടണമെന്നും കമീഷൻ ആവശ്യപ്പെട്ടു. 2025 ജനുവരി മൂന്നിന് സമീപവാസിയായ സ്ത്രീ തിരുപുറം എക്സൈസ് റേഞ്ച് ഓഫീസിൽ നേരിട്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് എക്സൈസ് കമീഷണർ അറിയിച്ചത്. വിവരം നൽകിയ സ്ത്രീയുടെ മകൻ പീഡന കേസിലെ പ്രതിയാണെന്നും പരിശോധന സംഘത്തിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥൻ പരാതിക്കാരിയുടെ ഭർത്താവിനെ തിരിച്ചറിഞ്ഞയുടൻ പരിശോധന നടത്താതെ മടങ്ങിയതായും റിപ്പോർട്ടിലുണ്ട്. എന്നാൽ രാത്രി ഉറങ്ങിക്കിടന്ന തങ്ങളെ വിളിച്ചുണർത്തി അപമാനിച്ചെന്നും വ്യാജ വിവരം നൽകിയ സ്ത്രീയെ എക്സൈസ് സംഘം വിശ്വസിച്ചെന്നുമാണ് പരാതിക്കാരി അറിയിച്ചത്. വ്യാജ വിവരം നൽകിയ സ്ത്രീക്കെതിരെ പരാതിക്കാരിക്ക് നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് പരാതി നൽകാമെന്ന് കമീഷൻ നിർദേശിച്ചു.









0 comments