അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15–ാം സീസൺ
ജില്ലയിൽ ഭാഗമാകുന്നത് 900 സ്‌കൂൾ


സ്വന്തം ലേഖകൻ
Published on Sep 09, 2026, 12:00 AM | 1 min read
തിരുവനന്തപുരം
അറിവിന്റെ പുതിയ താരകങ്ങൾ ഉദിക്കുന്നു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ 15–ാം സീസൺ മത്സരങ്ങൾക്ക് ബുധനാഴ്‌ച തുടക്കം. 900 സ്‌കൂളാണ് ജില്ലയിൽ അക്ഷരമുറ്റത്തിന്റെ ഭാഗമാകുന്നത്. ജില്ലാതല ഉദ്ഘാടനം ഇടവ എംആർഎംഎംകെഎംഎം എച്ച്‌എസ്‌എസിൽ പകൽ ഒന്നിന് വി ജോയി എംഎൽഎ നിർവഹിക്കും. രണ്ടിന് മത്സരം ആരംഭിക്കും. ചോദ്യങ്ങൾ അക്ഷരമുറ്റം ഓൺലൈൻ സൈറ്റുവഴിയും ഇമെയിൽ വഴിയും രജിസ്റ്റർ ചെയ്‌ത വാട്‌സാപ് നമ്പർ വഴിയും സ്‌കൂളുകൾക്ക് കൈമാറും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. ഓണ്‍ലൈൻ രജിസ്‌ട്രേഷൻ നടത്തുന്ന സ്‌കൂളിലെ കുട്ടികൾക്ക് പങ്കെടുക്കാം. സ്‌കൂൾ മത്സരത്തിൽ നാലുവിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് പുസ്‌തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. ഒക്‌ടോബർ 10ന് ഉപജില്ലാ മത്സരത്തിൽ ഇവർക്ക് പങ്കെടുക്കാം. ഉപജില്ലാ മത്സരവിജയികൾക്ക് യഥാക്രമം 1000, 500 രൂപ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ജില്ലാ മത്സരവിജയികൾക്ക് 10,000, 5000 രൂപ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒക്‌ടോബർ 25ന് ജില്ലാ മത്സരവും നവംബർ 15ന് സംസ്ഥാന മത്സരവും നടക്കും. സ്‌കൂൾതലംമുതൽ പ്രസംഗമത്സരവും സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കാണ് മത്സരം. അക്ഷരമുറ്റം ജില്ലാ മത്സരത്തിന്റെ ഭാഗമായി ശാസ്‌ത്ര പാർലമെന്റും നടക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെയാണ് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് നടക്കുന്നത്.









0 comments