10 ദിവസം ഡെങ്കി ബാധിതർ 177

കൊതുകു ഭീതിയിൽ തലസ്ഥാനം
തിരുവനന്തപുരം
മാലിന്യസംസ്കരണം നിലച്ച തലസ്ഥാന നഗരിയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം. പത്തു ദിവസത്തിനിടെ ജില്ലയിൽ 177 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളുമായി ചികിത്സയിലുള്ളവർ ഇരട്ടിയിലധികം. മൂന്നുപേർ മരിച്ചു. വട്ടിയൂർക്കാവ്, കടകംപള്ളി, പാങ്ങപ്പാറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി മരണം. നഗരസഭാ പരിധിയിലെ ഉറവിട മാലിന്യ സംസ്കരണം പൂർണമായും അവതാളത്തിലായതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. മഴക്കാലപൂർവ ശുചീകരണം പാളിയതിനെ തുടർന്ന് കൊതുകുകൾ വൻതോതിൽ പെരുകി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ വർധന ആശങ്കയാകുന്നുണ്ട്. വീട്ടുപരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും ശുദ്ധജലം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. മുൻകരുതലുകൾ വേണം ടെറസ്, റൂഫിന്റെ പാത്തി, ഓവർ ഹെഡ് ടാങ്കുകൾ എന്നിവിടങ്ങളിൽ കൂത്താടികൾ ഉണ്ടാകാതെ ഇടയ്‌ക്കിടെ വൃത്തിയാക്കണം. ശരീരമാസകലം മൂടുംവിധം ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുകയും ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുകയും വേണം. ശക്തമായ പനി, തലവേദന, ശരീരവേദന, ശരീരത്തിൽ തിണർപ്പുകൾ, ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണം.











0 comments