Deshabhimani

100 കുടുംബങ്ങൾക്ക്
ഒരു മാസമായി വെള്ളമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2026, 02:13 AM | 1 min read

വർക്കല

ഇലകമണിൽ ഒരു മാസത്തോളമായി കുടിവെള്ള വിതരണം മുടങ്ങിയതോടെ നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ. ഇലകമൺ പഞ്ചായത്തിലെ തേരിക്കുന്ന് നഗർ നിവാസികളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. വാട്ടർ അതോറിറ്റി ഒരു നടപടിയും എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. 2019–20 കാലഘട്ടത്തിൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കോർപ്പസ് ഫണ്ട് വിനിയോഗിച്ചാണ് തേരിക്കുന്ന് നഗറിൽ കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിച്ചത്. തുടർന്ന്, മുടക്കമില്ലാതെ കുടിവെള്ളം ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരു മാസത്തോളമായി വിതരണം പൂർണമായും നിലച്ചു. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്‌. കുടിവെള്ളം കിട്ടാക്കനിയായതോടെ ഒരു കിലോമീറ്ററോളം അകലെയുള്ള വീടുകളെ ആശ്രയിച്ചാണ് പലരും കുടിവെള്ളമെത്തിക്കുന്നത്. മറ്റ്‌ ചിലർ സമീപത്തെ നീരുറവകളിൽനിന്നാണ്‌ വെള്ളം ശേഖരിക്കുന്നത്‌. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം കുടുംബങ്ങളും. പുലർച്ചെതന്നെ ജോലിക്ക് പോകേണ്ടിവരുന്നതിനാൽ കുടിവെള്ളം ശേഖരിക്കുന്നത്‌ വലിയ പ്രതിസന്ധിയാണ്. വെള്ളമില്ലാത്തതിനാൽ കുട്ടികൾക്ക് സമയത്ത് സ്കൂളിൽ പോകാൻപോലും കഴിയാത്ത സാഹചര്യമാണെന്ന്‌ നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്കുമുന്നിൽ പ്രതിഷേധസമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് തേരിക്കുന്ന് നഗർ നിവാസികളും നാട്ടുകാരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home