ad
Deshabhimani

ഞങ്ങൾ ഈ പാലത്തിലൂടെ 
നെഞ്ചുവിരിച്ചുപോയി വോട്ട് ചെയ്യും

murukan

murukan

avatar
അഖിലേഷ്‌ ആനാവൂർ

Published on Apr 08, 2026, 10:15 PM | 1 min read

 വെള്ളറട

"‘മക്കളെ, കഴിഞ്ഞ മുപ്പതുകൊല്ലം വോട്ട് ചെയ്യാൻ ഞങ്ങൾ അനുഭവിച്ച കഷ്ടപ്പാട് ഈ കുന്നിറങ്ങുന്ന വെള്ളത്തിനറിയാം. വള്ളത്തിലൂടെ വോട്ടിങ്‌ സാമഗ്രികളുംകൊണ്ട്‌ ഉദ്യോഗസ്ഥർ വരണമായിരുന്നു. അല്ലെങ്കിൽ തമിഴ്‌നാട്ടിലൂടെ ചുറ്റിക്കറങ്ങി മലകടന്ന്‌ പോകണമായിരുന്നു. ഇത്തവണ അതൊന്നുംവേണ്ട...ഞങ്ങൾ ഉദ്യോഗസ്ഥരുടെ അടുത്തേക്കുപോയി വോട്ടുചെയ്യാനൊരുങ്ങുകയാണ്‌. ഇതാണ്‌ മക്കളേ മാറ്റം’’– കുന്പിച്ചൽകടവിൽ പാലംവന്നത്‌ തങ്ങളുടെ ജീവിതത്തിൽമാത്രമല്ല, ജനാധിപത്യ അവകാശങ്ങൾക്കും സംരക്ഷണമേകിയെന്ന്‌ പറയുകയാണ്‌ കുന്നത്തുമല ഉന്നതിയിലെ കാണിപ്പറ്റുകാരൻ മുരുകൻ. ‘ഇത് ഒരു വെറും പാലമല്ല. ഞങ്ങടെ അന്തസ്സാണ്. ഞങ്ങൾ ഈ പാലത്തിലൂടെ നെഞ്ചുവിരിച്ച് നടന്ന് പോയി വോട്ട് ചെയ്യും’– ഉന്നതിക്കാർ പറയുന്നു. അമ്പൂരിയിലെ പതിനൊന്ന് ഗോത്രവർഗ ഉന്നതികളിലുള്ള 1800 ഓളം വോട്ടർമാരെത്തേടി ഉദ്യോഗസ്ഥർ നെയ്യാർകടന്നെത്തുകയായിരുന്നു പതിവ്‌. വള്ളത്തിൽ വോട്ടിങ്‌ സാമഗ്രികളുമായി ഉദ്യോഗസ്ഥർ ഉന്നതികളിലേക്ക്‌ പോകുന്നത്‌ മാധ്യമങ്ങൾക്ക്‌ പതിവ്‌ ചിത്രമായിരുന്നു. പതിറ്റാണ്ടുകളായി മലയോരജനത കണ്ട സ്വപ്നം കുമ്പിച്ചൽകടവ് പാലമായി യാഥാർഥ്യമാക്കിയത്‌ സി കെ ഹരീന്ദ്രൻ എംഎൽഎയും എൽഡിഎഫ്‌ സർക്കാരുമാണ്‌. ഇത്തവണ മായം സെന്റ് മേരീസ് സ്കൂളിലെ പോളിങ്‌ ബൂത്തിലെത്തി വോട്ടുചെയ്‌ത്‌ തിരിച്ചുപോരാൻ കഴിയും. ​മാറ്റത്തിന്റെ പാലം കുമ്പിച്ചൽകടവ് പാലം യാഥാർഥ്യമായതോടെ കാരിക്കുഴി, ചാക്കപ്പാറ ശംഖുംകോണം, കയ്‌പ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല തുടങ്ങിയ മേഖലകളിലെ 1800ഓളം വോട്ടർമാർക്കാണ് പുതുവഴി തുറന്നത്. ഇനി വോട്ട് ചെയ്യാൻ തമിഴ്‌നാടു വഴി യാത്രവേണ്ട. സ്വന്തം നാട്ടിലൂടെ, നേരിട്ട് പോളിങ്‌ ബൂത്തിലേക്കെത്താം. ​ ആവേശത്തിൽ 
കന്നിവോട്ടർമാരും ആദ്യമായി വോട്ട് രേഖപ്പെടുത്താൻ പോകുന്ന നവവോട്ടർമാർ മുതൽ വയോധികർവരെ ഇത്തവണ പാലം കടന്ന് വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ്. വോട്ട് ചെയ്യാൻ മാത്രമല്ല, കൃഷി ഉൽപ്പന്നങ്ങൾ ചന്തയിലെത്തിക്കാനും അടിയന്തര ചികിത്സയ്ക്കും മലയോരവാസികൾക്ക് ഇനി ഭയപ്പാടില്ലാതെ സഞ്ചരിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home