ശ്രീലേഖയുടെ രാജിപ്രഖ്യാപനം നേതൃത്വത്തെ അറിയിച്ചില്ല
വി വി രാജേഷിനെതിരെ ബിജെപിയിൽ അമർഷം


സ്വന്തം ലേഖകൻ
Published on Oct 05, 2026, 10:51 PM | 1 min read
തിരുവനന്തപുരം
കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവച്ച് ആർ ശ്രീലേഖ കത്തുനൽകിയ വിവരം മേയർ വി വി രാജേഷ് ബിജെപി നേതൃത്വത്തെ അറിയിച്ചില്ലെന്ന് പാർടിക്കുള്ളിൽ വിമർശം. സെപ്‌തംബർ 30ന് രാജിക്കത്ത് നൽകിയിട്ടും നടപടിയെടുക്കാത്തതുകൊണ്ടും നേതൃത്വത്തെ അറിയിക്കാത്തതുകൊണ്ടുമാണ് ശ്രീലേഖ ഇക്കാര്യം കൗൺസിലറുടെ വാട്‌സാപ് ഗ്രൂപ്പിലൂടെ പുറത്തുവിട്ടത്. ഇൗ സാഹചര്യം ഒഴിവാക്കുന്നതിൽ വി വി രാജേഷ് വീഴ്‌ചവരുത്തിയെന്നും പാർടിയെ പ്രതിസന്ധിയിലാക്കിയെന്നും സംസ്ഥാന നേതൃത്വം അതൃപ്‌തിയറിയിച്ചുവെന്നാണ് വിവരം. ചണ്ഡിഗഡിലുള്ള രാജേഷ് തിരിച്ചെത്തിയാലുടൻ വിശദീകരണം ചോദിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടി ട്ടുണ്ട്. ശ്രീലേഖയുടെ രാജിക്കത്ത് 3 ദിവസം മേയർ രഹസ്യമാക്കി വച്ചു. രാജേഷിനെതിരെയുൾപ്പെടെ ശ്രീലേഖ ബിജെപി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ മേയറുടെ വാർഡായ കൊടുങ്ങാനൂരിൽ ഉൾപ്പെടെ പിന്നിലാക്കി, ശാസ്‌തമംഗലം വാർഡിൽ വികസനപദ്ധതികൾ അനുവദിക്കുന്നില്ല, അർഹമായ പരിഗണന നൽകുന്നില്ല തുടങ്ങിയ പരാതികളാണ് മേയർക്കെതിരേ ശ്രീലേഖ ഉന്നയിക്കുന്നത്.







0 comments