Deshabhimani

നശീകരണത്തെ ചെറുക്കുമെന്ന്‌ നാട്‌

ഇല്ലാതാക്കുന്നത്‌ നഗരത്തിന്റെ 
ടൂറിസം സന്പത്ത്‌; വികസനം ‘മുഖംമൂടി’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2026, 10:57 PM | 1 min read

 തിരുവനന്തപുരം

മൃഗശാലയെ നഗരത്തിൽനിന്ന്‌ ഒഴിവാക്കിയാലുണ്ടാകുന്നത്‌ സാംസ്‌കാരികവും പാരിസ്ഥിതികവുമായ ദുരന്തം. 167 വർഷം പഴക്കമുള്ള, പുനർനിർമിക്കാനാകാത്ത പൈതൃകത്തെയാണ്‌ യുഡിഎഫ്‌ സർക്കാർ പിഴുതെറിയാൻ നോക്കിയത്. നെയ്യാറിലേക്ക്‌ മാറ്റാനുള്ള നിർദേശം വികസനമല്ല, കച്ചവട താൽപ്പര്യമാണ്‌. ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികൾ, സ്‌കൂൾ കുട്ടികൾ, കുടുംബങ്ങൾ എല്ലാം നിത്യേന ഇ‍ൗ പച്ചച്ച്‌ തേടിയെത്തുന്നുണ്ട്‌. നഗരമധ്യത്തിലെ ടൂറിസം സന്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നതിലും നിർണായകമാണ്‌ മൃഗശാല. 32 കിലോമീറ്റർ അകലെയുള്ള നെയ്യാറിലേക്ക്‌ മാറ്റിയാൽ ഇതെല്ലാം തകരും. നഗരത്തിലെത്തി മൃഗശാല സന്ദർശിച്ച്‌ മടങ്ങുന്നവർക്ക്‌ നെയ്യാറിലേക്ക്‌ മാറ്റിയാൽ ഒരു ദിവസം തന്നെ മാറ്റിവയ്ക്കേണ്ടിവരും. സന്ദർശകർ കുറഞ്ഞാൽ മൃഗശാല സാന്പത്തിക ബാധ്യതയാകും. ജൈവവൈവിധ്യങ്ങളാൽ സന്പന്നമായ അഗസ്‌ത്യ ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമായ നെയ്യാറിൽ ഏക്കർ കണക്കിന്‌ കാട്‌ മൃഗശാല നിർമിക്കാൻ വെട്ടിത്തെളിക്കേണ്ടിവരും. രാജ്യത്ത്‌ അലിപ്പൂർ–കൊൽക്കത്ത, മൈ സൂരു, ഡൽഹി നാഷണൽ സൂ, മുംബൈ ബൈക്കുള, ലഖ്‌ന‍ൗ, ഹൈദരാബാദ്‌ മൃഗശാലകളെല്ലാം നഗരഹൃദയത്തിൽ പൈതൃകമായി സംരക്ഷിക്കുന്നു. റീജന്റ്‌സ്‌ പാർക്കിലെ ലണ്ടൻ സൂ, വിയന്നയിലെ ഷോൺബ്രൺ, ന്യുയോർക്ക്‌, ടോക്കിയോ, ബെർലിൻ, ബേസൽ, മെൽബൺ മൃഗശാലകളും നഗരമധ്യത്തിലാണ്‌. അനേകംപേരുടെ ഹൃദയങ്ങളെ തകർക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. ഒത്താശയേകിയും കച്ചവടത്തിന്റെ പങ്ക്‌ പറ്റാനും കോർപറേഷനിലെ ബിജെപി ഭരണസമിതിയും. ജനഹിതത്തിന്റെ കൂടെയാകണം സർക്കാരെന്നും നടപടികളിൽനിന്ന്‌ പിന്തിരിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home