വള്ളിച്ചിറ സമരത്തിന് 76 വയസ്സ്
ജന്മിത്തത്തിന്റെ കോട്ടകളെ വിറപ്പിച്ച ‘ചുവന്ന ജൂൺ’

വള്ളിച്ചിറ സമരത്തിന്റെ സ്മൃതിമണ്ഡപം
അഖിലേഷ് ആനാവൂർ
Published on Jun 03, 2026, 12:09 AM | 1 min read
വെള്ളറട
ജന്മിത്തത്തിന്റെ കിരാതവാഴ്ചക്കെതിരായ പോരാട്ടം എന്നറിയപ്പെടുന്ന വള്ളിച്ചിറ സമരത്തിന് 76 വയസ്സ്. മനുഷ്യരെ മൃഗങ്ങളെപ്പോലെ പണിയെടുപ്പിച്ച ജന്മിമാർക്കെതിരെ ‘മനുഷ്യനായി ജീവിക്കണം’ എന്ന മുദ്രാവാക്യമുയർത്തി 1950 ജൂണിൽ നടത്തിയ പോരാട്ടം കേരളത്തിന്റെ കാർഷിക വിപ്ലവ ചരിത്രത്തിലെ കരുത്തുറ്റ അധ്യായമാണ്. കുഴികുത്തി കഞ്ഞിവിളന്പിയും കൂലിക്കുപകരം നെല്ല് നൽകിയും കർഷകരെ പീഡിപ്പിച്ചുപോന്നിരുന്നു. കൂലി പണമായി വേണമെന്നും ചെളിയിലെ കാടിവെള്ളത്തിന് പകരം ചോറ് വേണമെന്നുമുള്ള ആവശ്യങ്ങളുയർത്തിയായിരുന്നു സമരം. റോയൽ ഇന്ത്യൻ നാവിക കലാപത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷുവിരുദ്ധ പോരാട്ടത്തിന്റെ ചൂടറിഞ്ഞ് നാട്ടിലെത്തിയ കുമാർ ആനന്ദ് (ജിമ്മു) എന്ന വിപ്ലവകാരിയാണ് ഈ സമരത്തിന്റെ ചാലകശക്തിയായത്. ഐ സ്റ്റുവർട്ട്, ഫിലിപ്, ദാവീദ്, നോഹ എന്നിവർ ജിമ്മുവിനൊപ്പം ചേർന്ന് കർഷകത്തൊഴിലാളികളെ വർഗബോധമുള്ളവരാക്കി അണിനിരത്തി. ആനാവൂർ -കുന്നത്തുകാൽ പ്രദേശത്തെ ജന്മിത്ത വാഴ്‌ചയെ വിറപ്പിച്ച പടപ്പുറപ്പാടായിരുന്നു അത്. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ജന്മിമാർ തയ്യാറായില്ല. തുടർന്ന് 1950 ജൂൺ മൂന്നിന്, സമരം തകർക്കാൻ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് കൊയ്‌ത്ത് നടത്താൻ ജന്മിമാർ ശ്രമിച്ചു. തടയാനെത്തിയ സമരക്കാരെ ഗുണ്ടകളും പൊലീസും ചേർന്ന് മർദിച്ചു. സംഘർഷത്തിൽ ഒരു സമരഭടൻ രക്തസാക്ഷിത്വം വരിച്ചു. നോഹയ്ക്കും ദാവീദിനും മാരകമായി പരിക്കേറ്റു. ആനാവൂർ പ്രദേശം പൊലീസിന്റെയും ഗുണ്ടകളുടെയും നരനായാട്ടിനാണ് സാക്ഷ്യം വഹിച്ചത്. കർഷകത്തൊഴിലാളികളുടെ കുടിലുകൾ അഗ്നിക്കിരയാക്കി. പൊലീസും ഗുണ്ടകളും ചേർന്ന് തൊഴിലാളികളെ മൃഗീയമായി വേട്ടയാടി. പക്ഷപാതികളായ ചില ചരിത്രകാരന്മാർ ഈ വർഗസമരത്തെ ഒരു ‘ലഹള'യായി മുദ്രകുത്തി മായ്‌ച്ചുകളയാൻ ശ്രമിച്ചപ്പോൾ പ്രൊഫ. വി കാർത്തികേയൻ നായരെപ്പോലെയുള്ള തദ്ദേശീയരായ ചരിത്രകാരന്മാരാണ് വള്ളിച്ചിറയുടെ രാഷ്ട്രീയ ഗൗരവം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്. കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഇൗ പോരാട്ടത്തിന്റെ സ്‌മരണകൾ കെടാതെ സൂക്ഷിക്കുകയാണ്.










0 comments