സംരംഭ സാധ്യതയുമായി ഒറ്റൂർ ഹരിതകർമസേന

ഒറ്റൂർ ഹരിതകർമസേനാംഗങ്ങൾ
സുധീർ വർക്കല
Published on Jul 27, 2025, 01:33 AM | 1 min read
വർക്കല
അജൈവമാലിന്യ നിർമാർജനത്തിൽ പുതിയ അധ്യായങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് ഒറ്റൂർ പഞ്ചായത്തിലെ ഹരിതകർമസേന. 26 അംഗങ്ങളുള്ള ഹരിതകർമസേനയ്‌ക്ക് അധിക വരുമാനമെന്ന നിലയിലാണ് മൂന്ന് സംരംഭം ആരംഭിച്ചത്. എൽഇഡി ബൾബുകളുടെ നിർമാണവും എൽഇഡി അറ്റകുറ്റപ്പണിയുമാണ് ആദ്യത്തേത്. തുരുത്തിക്കര പഞ്ചായത്തിലെ സയൻസ് കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ആരംഭിച്ചത്. ഫിലമെന്റ് ബൾബുകൾ പൂർണമായും ഒഴിവാക്കി ഒറ്റൂരിനെ കാർബൺ ന്യൂട്രൽ പഞ്ചായത്താക്കി മാറ്റാനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. എൽഇഡി പുനരുപയോഗം പരമാവധി സാധ്യമാക്കുകയാണ് ലക്ഷ്യം. തെരുവുവിളക്കുകൾ വാങ്ങുന്നതിനുള്ള പദ്ധതി പ്രയോജനപ്പെടുത്തിയാണ് പഞ്ചായത്തിനാവശ്യമായ എൽഇഡി ബൾബുകൾ നിർമിക്കുന്നത്. ഒരു വർഷത്തെ മാറ്റിസ്ഥാപിക്കൽ ഗ്യാരന്റിയും ഉറപ്പാക്കുന്നു. നിരോധിക്കപ്പെട്ടതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ അജൈവ വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് രൂപം നൽകിയതാണ് രണ്ടാമത്തെ സംരംഭം. ചടങ്ങുകൾക്കാവശ്യമായ പാത്രങ്ങൾ, ഗ്ലാസുകൾ, കെറ്റിലുകൾ തുടങ്ങിയവയെല്ലാം കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകും. കാറ്ററിങ് രംഗത്തേക്ക് കടക്കാനും ആലോചനയുണ്ട്. ബയോബിന്നിലേക്ക് ആവശ്യമായ ഇന്നാക്കുലം നിർമാണ യൂണിറ്റാണ് മൂന്നാമത്തേത്. വെള്ളായണി കാർഷിക കോളേജിൽനിന്ന് ഇന്നാക്കുലം നിർമാണത്തിലും മണ്ണിരക്കമ്പോസ്റ്റ് നിർമാണത്തിലും അംഗങ്ങൾ പരിശീലനം നേടി. ജില്ലയിൽ ആദ്യമായി അജൈവമാലിന്യ സംഭരണത്തിലും ഹരിതമിത്രം മൊബൈൽ ആപ് ഉപയോഗിച്ച് 100 ശതമാനം ഫീസ് കലക്‌ഷൻ നേടിയതും ഒറ്റൂർ പഞ്ചായത്താണ്.










0 comments