Deshabhimani

പ്ലസ്‌വൺ വിദ്യാർഥിയുടെ കൊലപാതകം

ബെൽറ്റും മൊബൈലും വസ്‌ത്രവും കണ്ടെടുത്തു

അഭിറാമിന്റെ മൊബൈൽ ഫോൺ, ഷർട്ട്, മാല, കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് എന്നിവ

അഭിറാമിന്റെ മൊബൈൽ ഫോൺ, ഷർട്ട്, മാല, കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് എന്നിവ

വെബ് ഡെസ്ക്

Published on Nov 19, 2026, 12:00 AM | 1 min read

കഴക്കൂട്ടം

ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ്‌വൺ വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ മൂന്നാഴ്ചയ്ക്കുശേഷം കണ്ടെത്തി. കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ്‌, അഭിറാമിന്റെ മൊബൈൽ ഫോൺ, ഷർട്ട്, മാല, തലയിൽ ഇടിക്കാൻ ഉപയോഗിച്ച കല്ല് ഉൾപ്പെടെയുള്ളവ കൊലപാതകം നടന്ന സ്ഥലത്തിനു സമീപത്തെ കിണറിൽനിന്ന്‌ കണ്ടെടുത്തു. ബുധൻ രാവിലെയാണ് രണ്ടാം പ്രതി ഉമർ മുഫ്താറിനെ കൊലപാതകം നടന്ന സ്ഥലത്തും കിണറിന് സമീപത്തും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. കൃഷി ആവശ്യത്തിനായി കുഴിച്ച കിണറിലെ വെള്ളം അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ വറ്റിച്ചാണ്‌ ഇവയെടുത്തത്‌. ഫോൺ അടക്കം സമീപത്തെ തെറ്റിയാർ തോട്ടിൽ തള്ളിയെന്ന്‌ 17 കാരൻ ആദ്യം പറഞ്ഞപ്പോൾ കുറ്റിക്കാട്ടിൽ എറിഞ്ഞു എന്നാണ് ഉമർ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ ഒരാഴ്ച കാടുവെട്ടിത്തെളിച്ചു പരിശോധിക്കുകയും സ്‌കൂബ ടീമിനെ വരുത്തി മൂന്നു കിലോമീറ്ററോളം തെറ്റിയാർ തോട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഒന്നും കണ്ടെത്താത്തതിനെ തുടർന്നാണ് തിങ്കളാഴ്ച ഉമർ, മൂന്നാം പ്രതി ആനന്ദ (18), നാലാം പ്രതി ഐശ്വര്യ (20) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. ചൊവ്വാഴ്ച നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ്‌ ഉമർ കൊലപാതകത്തിന് ഉപയോഗിച്ച സാധനങ്ങൾ കിണറിലിട്ടെന്ന് വെളിപ്പെടുത്തിയത്. കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘത്തിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ഇത്‌. ചില ഡിജിറ്റൽ തെളിവുകളും രേഖകളും കണ്ടെത്താനായതും സഹായകമായി. ബുധനാഴ്‌ച മൂവരെയും കോടതി റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ 17കാരനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യംചെയ്യുമെന്ന് അറിയിച്ചു. അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസംതന്നെ 17കാരനെ പൊലീസ് പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ കൂടുതൽ ചോദ്യം ചെയ്താൽ ബാലാവകാശ കമീഷനെ ഉൾപ്പെടെ സമീപിക്കുമെന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. മാറിമാറി ചോദ്യം ചെയ്തെങ്കിലും മൊഴികളിലെ പൊരുത്തമില്ലായ്മയും അവ്യക്തതയും അന്വേഷണത്തിന്‌ തടസ്സമാവുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home