ഇന്ത്യ കാണട്ടെ ഈ വികസന മാതൃക

തിരുവനന്തപുരം കോർപറേഷൻ
ബിമൽ പേരയം
Published on Oct 30, 2025, 12:01 AM | 2 min read
തിരുവനന്തപുരം
കോർപറേഷൻ രൂപീകരിച്ച് 85 വർഷം പിന്നിടുമ്പോൾ സമസ്‌തമേഖലകളിലും വികസനത്തിന്റെ പുതുവെളിച്ചം. പുതിയ റോഡുകളും സ്‌കൂൾ കെട്ടിടങ്ങളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പാർക്കുകളും പിറന്നു. നിരാലംബരായവർക്കും ആശയറ്റവർക്കും സ്വപ്‌നംപോലെ ലൈഫിലൊരു വീട്, കടലെടുത്ത കുടിലുകൾക്ക് പകരം മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ്, മുറ്റത്തേക്കിറങ്ങാൻ കൊതിച്ച് ഇരുട്ടുമുറിയിൽ തളച്ചിട്ട ജീവിതങ്ങൾക്ക് മുച്ചക്രക്കസേരകൾ, സ്‌മാർട്ട് അങ്കണവാടികൾ, സ്‌കൂളുകൾ, ആരോഗ്യത്തിന് കരുതലായി വാർഡുതോറും ഹെൽത്ത് വെൽനെസ് കേന്ദ്രങ്ങൾ... വികസനത്തിന്റെ മഹാമാതൃക തീർത്ത് നഗരം മുന്നേറുന്നു. ചീഞ്ഞുനാറിയ തെരുവോരങ്ങളില്ല. രാപകലില്ലാതെ കർമനിരതരായി ഹരിതകർമസേന. മാലിന്യസംസ്‌കരണത്തിന് സുസജ്ജമായ പദ്ധതികൾ. കാടുപിടിച്ച കുളങ്ങൾക്ക് പുതുജീവൻ. നഗരം പൂങ്കാവനമാകുന്ന കാഴ്‌ചയിലേക്ക് നാട് മിഴിതുറക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യംകിട്ടുംമുന്പേ രൂപീകരിച്ച കോർപറേഷനാണ് തിരുവനന്തപുരം. 1940 ഒക്‌ടോബർ 10ന് നിലവിൽ വന്നു. നഗരത്തിന്റെ മുഖമാകെ മാറിയെങ്കിലും പൗരാണികതയുടെ ശേഷിപ്പുകൾ സംരക്ഷിച്ചു. ചീഫ് സെക്രട്ടറിയായിരുന്ന സി ഒ മാധവനായിരുന്നു ആദ്യ നോമിനേറ്റഡ് മേയർ. ജനകീയനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മേയർ പേരൂർക്കട ഗോപാലപിള്ളയാണ്. ആര്യ രാജേന്ദ്രനിലേക്ക് കോർപറേഷന്റെ ഭരണമെത്തിനിൽക്കുമ്പോൾ, തുടച്ചുമാറ്റപ്പെട്ട തീണ്ടലടക്കമുള്ള ദുരാചാരങ്ങളുടെ കഥയും എണ്ണമറ്റ പോരാട്ടങ്ങളും നഗരത്തിന് പറയാനുണ്ട്. എഴുതപ്പെടാത്ത ചരിത്രങ്ങളുമുണ്ടായേക്കാം. എന്നാൽ, കാലം പിന്നിടുന്പോൾ വികസനത്തിന്റെ പുതിയ ഗാഥ എഴുതി വൻകിട ഇന്ത്യൻ നഗരങ്ങളെപ്പോലും പിന്നിലാക്കിയാണ് വളർച്ച. 2020 മുതലുള്ള ഭരണസമിതിക്കാലയളവിൽ 28 പുരസ്‌കാരം നേടി. മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി മൂന്നുതവണയും ആരോഗ്യമേഖലയിലെ മികവിന് രണ്ടുതവണ ആർദ്രകേരളം പുരസ്‌കാരവും നേടി. 2024ൽ സുസ്ഥിരവികസനത്തിനുള്ള അന്താരാഷ്‌ട്ര പുരസ്‌കാരമായ യുഎൻ ഹാബിറ്റാറ്റ് ഷാങ്‌ഹായ് ഗ്ലോബൽ അവാർഡ് സ്വന്തമാക്കി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള അവാർഡ്, ഭിന്നശേഷിസൗഹൃദ പുരസ്‌കാരം, മികച്ച ഹരിതകർമസേനയ്‌ക്കുള്ള പുരസ്‌കാരം, വയോസേവന അവാർഡ് തുടങ്ങിയവയും ലഭിച്ചു. നിതി ആയോഗിന്റെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് മികച്ച മാതൃകയായി പ്രഖ്യാപിച്ചതും കോർപറേഷനെയാണ്. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾ ഭാഗികമായും തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങൾ പൂർണമായും ഭാഗികമായി കോവളം മണ്ഡലവും 23 റവന്യു വില്ലേജും ഉൾപ്പെടുന്നതാണ് കോർപറേഷൻ. 214.86 ചതുരശ്ര കിലോമീറ്ററാണ് വിസ്‌തൃതി. 11 ലക്ഷത്തോളമാണ് ജനസംഖ്യ. 100 വാർഡുണ്ടായിരുന്നത് വിഭജനത്തിൽ 101 ആയി വർധിച്ചു.









0 comments