ഉയരുന്നു ജോയിയുടെ വീട്... അമ്മയുടെയും

നിർമാണം പുരോഗമിക്കുന്ന വീടിനുമുന്നിൽ ജോയിയുടെ അമ്മ മെൽഗി

ആൻസ് ട്രീസ ജോസഫ്
Published on Aug 12, 2025, 12:00 AM | 1 min read
തിരുവനന്തപുരം
മാരായമുട്ടം ചുള്ളിയൂര്‍ കോണത്തുവിളാകത്ത് ജോയിയുടെ ഓർമകളിൽ വീടുയരുകയാണ്. ഉടൻ പൂർത്തിയാകുന്ന വീട്ടിൽ താമസമാക്കാനൊരുങ്ങുമ്പോഴും മകൻ കൂടെയില്ലെന്ന സങ്കടം അമ്മ മെൽഗിയുടെ മനസ്സിൽനിന്ന് മായുന്നില്ല. റെയിൽവേയുടെ അനാസ്ഥയെത്തുടർന്ന് ആമയിഴഞ്ചാന്‍ തോട്ടിൽ മുങ്ങിമരിച്ച ശുചീകരണത്തൊഴിലാളി ജോയി മലയാളികൾക്ക് എന്നും നോവുന്ന ഓർമയാണ്. ജോയിയുടെ കുടുംബത്തെ റെയിൽവേ കൈയൊഴിഞ്ഞപ്പോൾ സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും ജില്ലാ പഞ്ചായത്തും ചേർത്തുപിടിച്ചു. കോര്‍പറേഷന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിർമിച്ചുനൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ വാക്കുനൽകി. ജോയിയും അമ്മയും താമസിച്ചിരുന്ന പഴകിയവീട്ടിലേക്ക് വഴിയില്ലാത്തതിനാൽ ജില്ലാ പഞ്ചായത്ത് അഞ്ച് സെന്റ് ഭൂമി അഞ്ചുലക്ഷം രൂപയ്‌ക്ക് വാങ്ങി നൽകി. സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായവും നൽകി. മാര്‍ച്ച് 26ന് മന്ത്രി എം ബി രാജേഷും മെല്‍ഗിയും ചേര്‍ന്ന് വീടിന് കല്ലിട്ടു. നിര്‍മാണം അന്തിമഘട്ടത്തിലാണ്. എത്രയും വേഗം പണി പൂര്‍ത്തിയാക്കി ജോയിയുടെ അമ്മ മെല്‍ഗിയെ പുതിയ വീട്ടിൽ താമസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാരും കോർപറേഷനും ജില്ലാ പഞ്ചായത്തും. രണ്ട് മുറിയും അടുക്കളയും ഹാളും ഉള്‍പ്പെടെയുള്ള വീടിന്റെ വാര്‍പ്പ് തിങ്കളാഴ്ച കഴിഞ്ഞു. വീടിനോട് ചേര്‍ന്ന് കിണറും നിര്‍മിച്ചിട്ടുണ്ട്. വാർപ്പ് കാണാനും പണി വിലയിരുത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എത്തിയിരുന്നു. ജോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാക്ക് പൂര്‍ണമായി പാലിച്ചുവെന്നതിന്റെ തെളിവാണിതെന്ന് സുരേഷ് കുമാർ പറഞ്ഞു. 2024 ജൂലൈ 13ന് ആണ് മാരായമുട്ടം സ്വദേശി ജോയി ആമയിഴഞ്ചാന്‍ തോട്ടില്‍ റെയില്‍വേ ടണലിന്റെ ഭാഗം വൃത്തിയാക്കുന്നതിനിടെ വീണ് മരിച്ചത്.










0 comments