പച്ചപുതയ്‌ക്കാൻ ചെമ്പൂരിന്റെ നിലങ്ങൾ

രണ്ടാംഘട്ട കൃഷിക്കൊരുങ്ങുന്ന ചെമ്പൂര് പാടശേഖരം
ആറ്റിങ്ങൽ
തരിശ്‌നിലങ്ങളിൽ നെൽകൃഷിയൊരുക്കി ശ്രദ്ധ നേടിയ ചെമ്പൂര് കുളത്തുങ്കര ഏലായിൽ ഇനി കൂടുതൽ നെല്ല് വിളയും. വർഷങ്ങളായി തരിശ് കിടക്കുന്ന ഭൂമികളും മറ്റ് വിളകൾ കൃഷി ചെയ്‌തിരുന്ന ഇടങ്ങളുമാണ് നെൽകൃഷിയിലേക്ക് മടങ്ങുന്നത്. പാടശേഖരസമിതി കഴിഞ്ഞതവണ നടത്തിയ നെൽകൃഷി വൻവിജയമായതിനെ തുടർന്നാണ് കൂടുതൽ വയലുകൾ സജ്ജമാക്കുന്നത്. ഒരുകാലത്ത് നൂറുമേനി വിളഞ്ഞവയായിരുന്നു ഇവിടത്തെ നിലങ്ങൾ. ക്രമേണ കർഷകത്തൊഴിലാളികൾ കുറഞ്ഞതും യന്ത്രസഹായം കിട്ടാതെ വരികയും ചെയ്തതോടെ നെൽകൃഷി മുന്നോട്ട് കൊണ്ടുപോകൽ കർഷകർക്ക് പ്രതിസന്ധിയായി. 1990കളുടെ ഒടുക്കത്തിൽ പലരും നെൽകൃഷി ഉപേക്ഷിച്ചു. പിന്നീട് വയൽ വീണ്ടെടുക്കാൻ രൂപീകരിച്ച കർഷക കൂട്ടായ്‌മയിലൂടെയാണ് ഗ്രാമഭംഗി തിരികെയെത്തിയത്. എസ് ജഗദേവൻ പ്രസിഡന്റും ദീപു ഇളമ്പ സെക്രട്ടറിയുമായ 55 അംഗ കാർഷികകൂട്ടായ്മയാണിത്. ആദ്യം പഴയ നിലംഉടമകളെ കണ്ടെത്തി കൂടെനിർത്തി. ചിലർ കൃഷി ചെയ്യാനായി പാടശേഖരസമിതിക്ക് നിലങ്ങൾ കൈമാറി. മുപ്പതാണ്ട് തരിശുകിടന്ന നിലങ്ങളിൽ കൃഷിയിറക്കിയപ്പോൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴാൻ പറ്റാതെ വന്നിരുന്നു. പുതഞ്ഞുപോകുന്നതായിരുന്നു പ്രശ്നം. മറ്റ് യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് 15 ഏക്കർ നിലത്ത് കൃഷിയിറക്കിയപ്പോൾ ഒമ്പത് ലക്ഷം രൂപയാണ് ചെലവായത്. പാടശേഖരസമിതി അംഗങ്ങളാണ് ഇൗ തുക സ്വരൂപിച്ചത്. ആദ്യഘട്ടമായി പതിനഞ്ച് ഏക്കർ നിലത്താണ് കൃഷിയിറക്കിയത്. മാർച്ചിൽ നൂറുമേനി കൊയ്തു. കൃഷിവകുപ്പിന്റെകൂടി പിന്തുണയോടെയായിരുന്നു കൃഷിയിറക്കൽ. ചെമ്പൂര് ഗവ. എൽപിഎസ്, ഇടയ്ക്കോട് ഗവ. എൽപിഎസ്, ഇളമ്പ ഗവ. എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ്, സ്കൗട്ട് യൂണിറ്റ്, ചെമ്പൂര് ഹരിശ്രീ സാംസ്കാരികസമിതി എന്നിവയും പാടശേഖരസമിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.










0 comments