കാർ ആംബുലൻസിലും കാറുകളിലുമിടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്

ഷെബിൻ ഷാ ആംബുലൻസ് ഡ്രൈവറെ മർദിക്കുന്നു
പോത്തൻകോട്
മഹിളാ കോൺഗ്രസ് നേതാവിന്റെ മകൻ മദ്യപിച്ച് ഓടിച്ച കാർ നിയന്ത്രണംവിട്ട് മൃതദേഹവുമായി പോയ ആംബുലൻസിലും മുന്നിലൂടെ പോയ മറ്റ് കാറുകളിലും ഇടിച്ചു. മദ്യപിച്ച് കാർ ഓടിച്ച മഞ്ഞമല കൊയ്ത്തൂർക്കോണം പുലിയറ വിളാകത്തെവീട്ടിൽ ഷാ മൻസിലിൽ ഷെബിൻ ഷായെ (28) പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായർ ഉച്ചയ്ക്ക് 2.30ഓടെ പോത്തൻകോട് പൂലന്തറ ജങ്‌ഷനുസമീപമാണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവും മഞ്ഞമല വാർഡിൽ കോൺഗ്രസ് മുൻ സ്ഥാനാർഥിയുമായ ഷാനിഫാ ബീവിയുടെ മകനാണ് ഷെബിൻ ഷാ. ഇയാൾ മദ്യപിച്ച് ബോധമില്ലാതെയാണ് കാർ ഓടിച്ചത്. നിയന്ത്രണംവിട്ട കാർ മുന്നിലൂടെ പോയ രണ്ട് കാറുകളിൽ ഇടിച്ചു. ഒരു ബൈക്കിലുമിടിച്ചു. ശേഷം എതിരെ മെഡിക്കൽ കോളേജിൽനിന്ന് മൃതദേഹവുമായി കടയ്ക്കലിലേക്ക് പോകുകയായിരുന്ന ആംബുലൻസിലും ചെന്നിടിച്ചു. തലകീഴായി മറിഞ്ഞ ആംബുലൻസിന്റെ ചില്ലുകൾ തകർന്ന് കൊല്ലം കടയ്ക്കൽ സ്വദേശിയായ ഡ്രൈവറിന് പരിക്കേറ്റു. തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ടു. ആംബുലൻസ് ഡ്രൈവർ, അപകടത്തിൽപ്പെട്ട കാർ ഡ്രൈവർ, ബൈക്ക് യാത്രക്കാരൻ എന്നിവരുമായി ഷെബിൻ തർക്കമുണ്ടാക്കുകയും അവരെ ഷെബിൻ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന് പോത്തൻകോട് പൊലീസെത്തി ഷെബിൻ ഷായെ പിടികൂടി. രക്തപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് കോൺഗ്രസിന്റെ ഉന്നത നേതാക്കളും പ്രവർത്തകരും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷൻ ഉപരോധിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ആംബുലൻസ് ഡ്രൈവർ പരാതിയിൽ ഉറച്ചുനിന്നതിനാലാണ് മറ്റ് മാർഗമില്ലാതെ പൊലീസ് കേസെടുത്തത്.









0 comments