ഗ്രാമീണ പോസ്റ്റോഫീസുകൾക്ക് പൂട്ടുവീഴും

തിരൂർ
ജില്ലയിലെ മുനിസിപ്പൽ ഏരിയയിലുള്ള ബ്രാഞ്ച് പോസ്റ്റോഫീസുകൾ അടച്ചുപൂട്ടാൻ തീരുമാനം. അർബൻ ഏരിയയിലുള്ള ഗ്രാമീണ തപാൽ ഓഫീസുകൾ അടച്ചുപൂട്ടണമെന്ന പോസ്റ്റൽ ഡയക്ടറേറ്റിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. തിരൂർ ഡിവിഷനിൽപ്പെട്ട ബിയ്യം, കടവനാട്, ഈശ്വരമംഗലം, കുറ്റിപ്പുറം (കോട്ടക്കൽ), ഇന്ത്യനൂർ മഞ്ചേരി ഡിവിഷനിലെ കുന്നപ്പള്ളി, പാതായിക്കര, എരവിമംഗലം, പൊന്ന്യകുറുശ്ശി, ചന്തക്കുന്ന്, രാമൻകുത്ത്, കരുവമ്പ്രം വെസ്റ്റ്, നെല്ലിക്കുത്ത്, പുല്ലൻഞ്ചേരി, നറുകര, പയ്യനാട്, തുറക്കൽ, മേലങ്ങാടി തുടങ്ങിയ ബ്രാഞ്ച് പോസ്റ്റോഫീസുകളാണ് അടച്ചുപൂട്ടൽ ഭീഷണിയിലുള്ളത്. ഒരു പഠനവും നടത്താതെയാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഇത്തരം ബ്രാഞ്ച് ഓഫീസുകൾ ഗ്രാമീണ മേഖലകളിലേക്ക് മാറ്റിസ്ഥാപിക്കണമെന്നും അല്ലെങ്കിൽ അപ്ഗ്രേഡ് ചെയ്യണമെന്നാണ് തപാൽ അധികൃതർ പറയുന്നത്. എന്നാൽ നഗരസഭാ പരിധിയിലുള്ള ഓഫീസുകൾ മാറ്റിസ്ഥാപിക്കുക അപ്രായോഗികമാണ്. ഇവ അപ്ഗ്രേഡ് ചെയ്യാനുള്ള ഒരു നടപടിയും അധികാരികൾ സ്വീകരിച്ചിട്ടില്ല. ഫലത്തിൽ കൂട്ടത്തോടെ ബ്രാഞ്ച് തപാൽ ഓഫീസുകൾ അടച്ചുപൂട്ടുകയെന്നതാണ് തപാൽ വകുപ്പ് ലക്ഷ്യം. ഒക്ടോബർ 31നകം തീരുമാനം നടപ്പാക്കണമെന്നാണ് തപാൽ അധികൃതരുടെ നിർദേശം. തപാൽ ഓഫീസുകൾ പൂട്ടാനുള്ള തീരുമാനത്തിൽനിന്ന് അധികാരികൾ പിൻമാറണമെന്നും തപാൽ ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇ ആവശ്യപ്പെട്ടു.









0 comments