Deshabhimani

ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

പടരുന്നു പ്രതിഷേധ തീ

ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മലപ്പുറം ആലത്തിയൂര്‍പടിയില്‍ കര്‍ഷക മോര്‍ച്ച നടത്തിയ നൈറ്റ് മാര്‍ച്ച്

ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മലപ്പുറം ആലത്തിയൂര്‍പടിയില്‍ കര്‍ഷക മോര്‍ച്ച നടത്തിയ നൈറ്റ് മാര്‍ച്ച്

വെബ് ഡെസ്ക്

Published on Oct 24, 2026, 12:36 AM | 1 min read

മലപ്പുറം

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കർഷകരൊന്നാകെ നൈറ്റ്‌മാർച്ചുമായി രംഗത്ത്‌. ജില്ലയിൽ 18 കേന്ദ്രങ്ങളിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ആയിരങ്ങൾ അണിചേർന്നു. ജനാധിപത്യ കശാപ്പിന്‌ നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെയും സംഘപരിവാർ അജണ്ട നടപ്പാക്കുന്ന പ്രധാനമന്ത്രിക്കെതിരെയും കർഷക മുദ്രാവാക്യമുയർന്നു. തീപ്പന്തങ്ങൾ ജ്വലിപ്പിച്ചും കർഷക സംഘടനകളുടെ പതാക വീശയും പ്ലക്കാർഡുകളും ബാനറുകളും പ്രദർശിപ്പിച്ചും ജീവൻകൊടുത്തും ജനാധിപത്യം സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ചു. കടുന്നുപോയ വഴികളെപ്പോലും സമരസജ്ജമാക്കിയാണ്‌ നൈറ്റ്‌ മാർച്ചുകൾക്ക്‌ സമാപനമായത്‌. ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കിസാൻ സഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ഡൽഹിയിൽ നടത്തിയ സമരത്തിന്റെ ഭാഗമായാണ്‌ ഏരിയാ കേന്ദ്രങ്ങളിൽ നൈറ്റ്‌ മാർച്ച്‌ നടത്തിയത്‌. മലപ്പുറം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിപ്പടിയിൽ ആരംഭിച്ച മാർച്ച്‌ ആലത്തൂർപ്പടിയിൽ സമാപിച്ചു. മുസ്‌തഫ കൂത്രാടൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ ട്രഷറർ കെ സുന്ദരരാജൻ ഉദ്‌ഘാടനംചെയ്‌തു. കെ മജ്‌നു, ഇ എൻ ജിതേന്ദ്രൻ, എം ടി ഷാജഹാൻ, കെ റംല, കെ പി അജയൻ, കെ ശരത്‌, കെ പി ഫൈസൽ, കെ സിബിയാൻ, കെ വിബീഷ്‌ എന്നിവർ സംസാരിച്ചു. കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എം ഷ‍ൗക്കത്ത്‌ മഞ്ചേരി ഏരിയയിൽ പാണ്ടിക്കാടും ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്‌ മങ്കട ഏരിയയിലെ അങ്ങാടിപ്പുറത്തും നൈറ്റ്‌ മാർച്ചുകൾ ഉദ്‌ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home