ഇന്ന് ലോക സംഗീത ദിനം
ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു വീട്...

വി അഞ്ജുദേവ്
Published on Jun 21, 2026, 12:00 AM | 1 min read
മലപ്പുറം
ആദർശ് തംബുരുവിൽ ശ്രുതിചേർക്കാൻ തുടങ്ങുമ്പോഴേക്കും സഹോദരി നന്ദനയും അച്ഛൻ മണികണ്ഠനും വയലിനും പുല്ലാങ്കുഴലുമായി ഒപ്പമെത്തും. എടപ്പാൾ മൂതൂരിലെ പടിഞ്ഞാക്കര വീട്ടിൽ ഓരോദിവസവും തുടങ്ങുന്നത് സ്വരങ്ങളിലൂടെയാണ്. കുടുംബത്തിന്റെ സംഗീതയാത്രയ്ക്ക് അടിത്തറപാകിയത് മണികണ്ഠൻ മൂതൂരിന്റെ ബാല്യകാല സംഗീതപ്രേമമാണ്. തൊണ്ണൂറുകളിൽ സ്വന്തമായി റേഡിയോപോലുമില്ലാതിരുന്ന കാലത്താണ് മണികണ്ഠന് സംഗീതത്തോട് അടുപ്പംതോന്നിയത്. അയൽവീടുകളിലെ ടേപ്പ് റെക്കോഡറിലെ ഗാനങ്ങളിൽനിന്നാണ് തുടക്കം. ആ ഇഷ്ടം പിന്നീട് ഓഫ്‌ലൈനിലും ഓൺലൈനിലുമായി കുട്ടികൾക്കും മുതിർന്നവർക്കും സംഗീതത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകുന്ന സംഗീത അധ്യാപകനായി അദ്ദേഹത്തെ വളർത്തി. പിന്നീട്, മക്കളായ ആദർശും നന്ദനയും അച്ഛനൊപ്പം പങ്കുചേർന്നു. സംഗീതം പഠിക്കാത്ത അമ്മ വി വി ജിഷിയും രാഗങ്ങളെക്കുറിച്ച് സ്വയം പഠിച്ചെടുത്തു. അങ്ങനെ പടിഞ്ഞാക്കര സ്വരങ്ങളുടെ വീടായി. അമ്മയുടെ ആകസ്‌മിക മരണത്തിന്റെ നോവുണങ്ങുന്നതിനുമുമ്പേ നടന്ന സംഗീതമത്സരമായിരുന്നു എട്ടാം ക്ലാസുകാരനായ ആദർശിന്റെ ആദ്യ മത്സരവേദി. അമ്മയുടെ ഓർമകളുമായി വേദിയിലെത്തിയ ആദർശ് അന്ന് സംസ്ഥാനതലത്തിൽ മൃദംഗത്തിൽ ഒന്നാംസ്ഥാനം നേടി. തുടർച്ചയായി അഞ്ചുവർഷം നേട്ടം ആവർത്തിച്ചു. പിന്നീട് ഗുരുക്കൻമാർക്കൊപ്പവും കുടുംബത്തോടൊപ്പവും വേദികളിലെ നിറസാന്നിധ്യമായി. താമസിയാതെ, ചേട്ടന്റെവഴിയേ നന്ദനയും സംഗീതലോകത്തേക്ക് എത്തി. പുല്ലാങ്കുഴലിനുപുറമെ ഹാർമോണിയം, വയലിൻ എന്നിവയിൽ പ്രതിഭ തെളിയിച്ച മണികണ്ഠൻ എടപ്പാൾ സ്വരഗംഗ സംഗീത വിദ്യാലയത്തിൽ കർണാടക സംഗീത അധ്യാപകനാണ്. ‘കർണാടക സംഗീതാമൃതം’ പുസ്തകവും രചിച്ചു. സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സിംഗപ്പുരിൽ മൃദംഗ അധ്യാപകനാണ് ആദർശ്. തൃശൂർ കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ രണ്ടാംവർഷ ചരിത്ര വിദ്യാർഥിനിയാണ് നന്ദന.










0 comments