Deshabhimani

മരം, ഒരു പക്ഷിഗ്രാമം

With the expansion of the national highway, the congestion in Kolappuram town has decreased.

എരണ്ടകൾ നൂറിലധികം കൂടുകൾ നിർമിച്ച കൊളപ്പുറം അങ്ങാടിയിലെ ചീനിമരം

avatar
കെ കെ രാമകൃഷ്ണൻ

Published on Oct 26, 2026, 12:00 AM | 1 min read

വേങ്ങര

ദേശീയപാത വികസിച്ചതോടെ കൊളപ്പുറം അങ്ങാടിയിലെ തിരക്കൊക്കെ കുറഞ്ഞു. എന്നാൽ അവിടെ തണൽവിരിച്ചുനിൽക്കുന്ന ചീനിമരത്തിലെ തിരക്കിന്‌ ഒരു കുറവുമില്ല. നൂറിലധികം കിളിക്കൂടുകളാണ്‌ ഒരു മരത്തിലുള്ളത്‌. ചെറിയ ചൂളാൻ എരണ്ടകളാണ്‌ താമസക്കാർ. ദേശീയപാതയ്ക്ക് സമീപം കൊളപ്പുറം അങ്ങാടിയിൽ എയർപോർട്ട് റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ചീനിമരത്തിലാണീ ക‍ൗതുക കാഴ്‌ച. വിസിലിങ് ഡക്ക് വിഭാഗത്തിൽപ്പെട്ട എരണ്ടകൾക്ക് പുറമേ കൊക്കുകളും ഇവിടെ ചേക്കേറിയിട്ടുണ്ട്. കറുത്ത ഉടലും മഞ്ഞ കൊക്കും നീളൻ കാലുകളുമുള്ള ചെറിയ ചൂളാൻ എരണ്ടകൾ രാത്രികാലങ്ങളിൽ ഇരതേടുകയും പകൽ വിശ്രമിക്കുകയും ചെയ്യുന്നവരാണ്. ഇര തേടുമ്പോഴും പറക്കുമ്പോഴും ഇവ ചൂളമടിക്കുന്ന ശബ്‌ദമുണ്ടാക്കുന്നതുകൊണ്ടാണ് ചൂളാൻ എന്ന് മലയാളത്തിലും വിസിലിങ് ഡക്ക് എന്ന് ഇംഗ്ലീഷിലും പേരുകിട്ടാൻ കാരണം. ജൂലൈമുതൽ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തി ഒക്ടോബർ -നവംബർ മാസത്തോടെ മറ്റിടങ്ങളിലേക്ക് പറക്കുകയാണ്‌ ഇവരുടെ രീതി‍. ജീവിതത്തിൻ ഒരു പങ്കാളിയെമാത്രമേ തെരഞ്ഞെടുക്കൂ എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. ഇണകൾ മാറി മാറിയാണ്‌ മുട്ടക്ക് കാവലിരിക്കുക. ജലാശയങ്ങളിലും വയലുകളിലും ഇര തേടുന്ന ഇവ അപൂർവമായേ മാംസാഹാരം കഴിക്കൂ. നെൻമണികൾ, ജലപ്പുല്ലുകൾ, സസ്യങ്ങളുടെ വിത്തുകൾ, ആമ്പൽ കിഴങ്ങുകൾ തുടങ്ങിയവയാണ് ഭക്ഷണം. തണ്ണീർത്തടങ്ങളോടും ജലാശയങ്ങളോടും ചേർന്ന ഭാഗങ്ങളിലാണ് ഇവയുടെ വാസയിടം. വേങ്ങര, കുറ്റൂർ പാടങ്ങളുടെയും കടലുണ്ടിപ്പുഴയുടെയും സാന്നിധ്യമാണ് കൊളപ്പുറത്ത് ഇവ കൂടുകൂട്ടാനുള്ള കാരണം. തണ്ണീർത്തടങ്ങളുടെ നശീകരണം, കീടനാശിനികളുടെ അമിത ഉപയോഗം, ജലാശയങ്ങളിലേക്ക് തള്ളുന്ന രാസ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഇറച്ചിക്കുവേണ്ടിയുള്ള വേട്ടയാടൽ എന്നിവ ഇവയുടെ ജീവന് ഭീഷണിയാണ്. എന്നാൽ ഇവ ആശങ്കയില്ലാത്ത (least concern) വിഭാഗത്തിൽപ്പെട്ടവയാണെന്ന് പ്രമുഖ പക്ഷിനിരീക്ഷകനായ കെ ജിഷ്‌ണു ദേശാഭിമാനിയോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home