കരുവാരക്കുണ്ടിൽ കാട്ടാന വിളയാട്ടം

വ്യാഴം രാത്രി മേലാറ്റൂർ അത്താണിയിലെ ജനവാസ മേഖലയിൽ എത്തിയ കാട്ടാന
കരുവാരക്കുണ്ട്
കരുവാരക്കുണ്ട്, തുവ്വൂർ മേഖലയിൽ ജനങ്ങളെ വീണ്ടും ഭീതിയിലാക്കി കാട്ടാന. ബുധനാഴ്ച അരിമണൽ പതിനൊന്നാം വാർഡിലൂടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കൊമ്പൻ രാത്രി ഒമ്പതോടെ കണ്ണത്ത് മിനി സ്റ്റേഡിയം, ഇരിങ്ങാട്ടിരി ഭാഗങ്ങളിലൂടെ സഞ്ചരിച്ച് തുവ്വൂർ പഞ്ചായത്തിലെ മാതോത്ത് പ്രദേശത്തേക്ക് കടന്നു. വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയാണ് കൊന്പൻ ജനവാസ മേഖല വിട്ടത്. വീടുകൾക്ക് തൊട്ടടുത്തും കൃഷിയിടങ്ങളിലും ആനയെത്തി. പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. കൃഷി നശിപ്പിക്കുകയും വാഹനങ്ങളും മറ്റും തകർക്കുകയുംചെയ്‌തു. കുണ്ടുകാവിൽ കുഞ്ഞാണിയുടെ ജീപ്പിന്റെ ചില്ല് തകർത്തു. നാട്ടുകാർ രാത്രി മുഴുവൻ ഉറക്കമില്ലാതെ കാവലിരിക്കുന്ന സ്ഥിതിയുമുണ്ടായി. ബുധൻ രാത്രി പത്തോടെ കരുവാരക്കുണ്ട് കണ്ണത്ത് അങ്ങാടിയിൽ ജനവാസ മേഖലയിൽ എത്തിയ ആന വ്യാഴം രാവിലെ ഏഴരയോടെ പുത്തനഴി, ഇരിങ്ങാട്ടിരിവഴി തുവ്വൂർ അക്കരപുറത്ത് എത്തി. മാതോത്ത്, വാരിയത്ത് നഗറിലും ഭീതി വിതച്ചു. വ്യാഴം രാത്രി മേലാറ്റൂരിലെ ജനവാസ മേഖലയിലും കാട്ടാനയെത്തി. വനംവകുപ്പും പൊലീസും ചേർന്ന് കാട് കയറ്റാനുള്ള ശ്രമം തുടരുകയാണ്.










0 comments