ഡൽഹി പൊലീസ് രാജിനെതിരെ പ്രതിഷേധം
നീതിക്കായി തെരുവിൽ

മലപ്പുറം
ഡൽഹി പൊലീസിന്റെ നരനായാട്ടിനെതിരെ നാടെങ്ങും പ്രതിഷേധം ആളിപ്പടർന്നു. തലസ്ഥാനത്തിന്റെ തെരുവിൽ ജനാധിപത്യം സംരക്ഷിക്കാൻ ജീവൻ കൊടുത്തും പൊരുതുന്നവരെ ക്രൂരമായി വേട്ടയാടുന്ന കേന്ദ്ര പൊലീസിനെതിരെ രോഷമിരന്പി. സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിലാണ് വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രായമോ പദവിയോ നോക്കാതെയാണ് മുതിർന്ന നേതാക്കളെയടക്കം തല്ലിച്ചതച്ചത്. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്നവരെ തടവിലാക്കി പൊലീസ് വാഹനങ്ങൾക്കുള്ളിലിട്ട് ക്രൂരമായി മർദിച്ചു. ജോൺ ബ്രിട്ടാസ് എംപിയെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്‌ക് സി തോമസിനെ വിവസ്‌ത്രനാക്കി. അഖിലേന്ത്യാ ട്രഷറർ സഞ്ജീവ് കുമാർ, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി എന്നിവരെയും മർദിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ജില്ലയിൽ ഏരിയ, -ബ്ലോക്ക് തലങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി നൂറുകണക്കിന് പ്രവർത്തകർ തെരുവിൽ അണിനിരന്നു. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളും യുവജനങ്ങളും മഹിളാ പ്രവർത്തകരും ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ചയും തെരുവിലിറങ്ങി പ്രതിഷേധിക്കും.









0 comments