ad
Deshabhimani

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം

ഉദ്യോഗാര്‍ഥികളുടെ പട്ടിക അട്ടിമറിക്കാന്‍ ശ്രമം

UDF government sidelines the district in temporary conductor appointments.
avatar
പി അഭിഷേക്‌

Published on Jul 16, 2026, 12:00 AM | 1 min read

മലപ്പുറം

കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍ നിയമനത്തില്‍ ജില്ലയെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ അഭിമുഖം നടത്തി തെരഞ്ഞെടുത്ത 50 ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ടുമാസമായിട്ടും നിയമനം നല്‍കിയില്ല. ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരിക്കെയാണ് താല്‍ക്കാലിക നിയമനത്തിനുള്ള ഉദ്യോഗാര്‍ഥികളുടെ പട്ടിക സര്‍ക്കാര്‍ പൂഴ്‌ത്തിവച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2025 ഡിസംബറിലാണ് സംസ്ഥാനത്താകെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. എംപ്ലോയിമെന്റ് എക്സ്ചേഞ്ചില്‍നിന്ന് നടപടിക്രമങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തു. ചില ജില്ലകള്‍ നടപടി വേഗത്തിലാക്കി സര്‍ക്കാരിന് പട്ടിക കൈമാറി. ഇവര്‍ക്ക് നിയമനവും നല്‍കി. എന്നാല്‍, മലപ്പുറം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തിരുവനന്തപുരത്തെ ചീഫ് ഓഫീസിലേക്ക് അയക്കാന്‍ വൈകി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ വിവരം കൈമാറിയത്. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഇതില്‍നിന്ന് നിയമനം നല്‍കാനായില്ല. അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ തഴഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് തെരഞ്ഞെടുത്തവരെ നിയമിക്കാതെ കോഴ വാങ്ങി പിന്‍വാതില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ താല്‍പ്പര്യമെന്നാണ് ഉയരുന്ന ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 12 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയിരുന്നു. ഇവരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതും വിവാദമായതോടെ കഴിഞ്ഞദിവസം തിരിച്ചെടുത്തതും. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം കാത്തുനില്‍ക്കുന്ന കണ്ടക്ടര്‍ തസ്തികയിലുള്ളവരെ ഇപ്പോഴും പരിഗണിക്കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.


ഒഴിവുള്ളത് 40 കണ്ടക്ടര്‍ തസ്തിക

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞതോടെ ജില്ലയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ക്ഷാമം. നിലവില്‍ നാല് ഡിപ്പോകളിലുമായി 40 ഒഴിവുകളുണ്ട്. ജീവനക്കാര്‍ വിരമിച്ചതും നേരത്തെ നിര്‍ത്തിയ സര്‍വീസുകള്‍ പുനരാരംഭിച്ചതുമാണ് കാരണം. മലപ്പുറം ഡിപ്പോയില്‍ 13 ഒഴിവാണുള്ളത്. പൊന്നാനി –12, നിലമ്പൂര്‍ –11, പെരിന്തല്‍മണ്ണ –4 എന്നിങ്ങനെയാണ് കണ്ടക്ടര്‍ തസ്തികയിലെ ഒഴിവ്. താല്‍ക്കാലിക നിയമനം നടക്കാത്തതിനാല്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലിഭാരം കൂടുതലാണ്. പലരും അധിക ഡ്യൂട്ടിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home