print edition ഒറ്റപ്പെട്ട് ബിജെപി

ന്യൂഡൽഹി: മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ അധികാരദുർവിനിയോഗം പുറത്തുവന്നതോടെ വെട്ടിലായ ബിജെപിയെ ഒറ്റപ്പെടുത്തി എൻഡിഎ ഘടകകക്ഷികൾ. കേന്ദ്രസർക്കാരിനെ താങ്ങിനിർത്തുന്ന തെലുങ്കുദേശം പാർടി (ടിഡിപി), ലോക് ജനശക്തി (രാംവിലാസ്), രാഷ്ട്രീയ ലോക്‌മോർച്ച (ആർഎൽഎം) എന്നീ കക്ഷികളാണ് ഗ്യാനേഷ് കുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തൃപ്‌തികരമായ വിശദീകരണം നൽകണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വിശ്വസ്‌തനായ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് ഘടകകക്ഷികൾ എതിര്‍സ്വരം പുറത്തുവന്നത്. കമീഷനുള്ളിൽ നിന്നുതന്നെ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുണ്ടായത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യം ഉയര്‍ത്തുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗ്യാനേഷിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഈ കകക്ഷികൾ തീരുമാനിച്ചത്.
സമീപകാലത്തൊന്നും ബിജെപിക്കെതിരെ ഘടകകക്ഷികൾ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല. വനിതാസംവരണത്തിന്റെ മറവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ മണ്ഡലപുനർനിർണയം അടിച്ചേല്‍പ്പിക്കാന്‍ ബിജെപി നീക്കംതുടങ്ങിയഘട്ടത്തില്‍ പോലും എതിര്‍പ്പ് അറിയിക്കാത്തവരാണ് ഇപ്പോള്‍ പരസ്യപ്രതികരണം നടത്തിയത്. ഗ്യാനേഷിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ തിരിച്ചടിക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണിത്.









0 comments