ജനറല്‍ കോച്ച് ആവശ്യം ശക്തം
സുഗമമാവണം *തലസ്ഥാന യാത്ര

എം സനോജ്
Published on Sep 30, 2026, 12:49 AM | 1 min read
നിലമ്പൂർ
വടക്കൻ കേരളത്തിൽനിന്ന് തലസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് ആശ്രയിക്കുന്ന ജനശതാബ്ദി ട്രെയിനുകളിൽ അൺറിസർവ്ഡ് ജനറൽ കോച്ചില്ലാത്തത് സാധാരണ യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. 12075–12076 കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിയിലും 12081–12082 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദിയിലും റിസർവേഷൻ ഇല്ലാതെ യാത്രചെയ്യാനാവില്ല.
ദൂരമേറെ
കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി 12075 കോഴിക്കോട്ടുനിന്ന് പകൽ 1.45ന് പുറപ്പെട്ട് രാത്രി 9.25ന് തിരുവനന്തപുരം സെൻട്രലിലെത്തും. 399 കിലോമീറ്റർ ദൂരം ഏഴ് മണിക്കൂർ 40 മിനിറ്റിലാണ് സർവീസ് പിന്നിടുന്നത്. തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, ചേർത്തല, ആലപ്പുഴ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്ക സർവീസായ 12076 തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 5.55ന് പുറപ്പെട്ട് ഉച്ചയോടെ കോഴിക്കോട്ടെത്തും.
കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി 12081 കണ്ണൂരിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെട്ട് പകൽ 2.10ന് തിരുവനന്തപുരം സെൻട്രലിലെത്തും. 502 കിലോമീറ്ററാണ് ദൂരം. തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് പ്രധാന സ്റ്റോപ്പ്. മടക്ക സർവീസായ 12082 തിരുവനന്തപുരം സെൻട്രലിൽനിന്ന് പകൽ 2.50ന് പുറപ്പെട്ട് അര്‍ധരാത്രി 12.50ന് കണ്ണൂരിലെത്തും.
വേണം ജനറൽ *കോച്ചുകൾ
റിസർവേഷൻ ഇല്ലാതെ ടിക്കറ്റെടുത്ത് യാത്രചെയ്യാവുന്ന ജനറൽ കോച്ച് നിരവധി പേർക്ക് ആശ്രയമാണ്. കുറഞ്ഞ നിരക്കിൽ യാത്രചെയ്യാനുള്ള സൗകര്യം ഏറെ പ്രധാനപ്പെട്ടതാണ്. എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ദിവസേന യാത്രചെയ്യുന്ന വിദ്യാർഥികൾ, ജീവനക്കാർ, രോഗികൾ തുടങ്ങിയവർക്കാണ് ബുദ്ധിമുട്ട് ഏറെ.
രണ്ട് ജനശതാബ്ദി ട്രെയിനുകളിലും കുറഞ്ഞത് ഒരു അൺറിസർവ്ഡ് ജനറൽ കോച്ചെങ്കിലും ഉൾപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.









0 comments