വൈലത്തൂരിലെ മോട്ടോർ ഷോ
മോഡിഫിക്കേഷൻ നടത്തിയ 24 വാഹനങ്ങൾക്ക് പിഴ

മോട്ടോർ ഷോയിൽ പങ്കെടുത്ത മോഡിഫിക്കേഷൻ ചെയ്‌ത കാർ
മനു വിശ്വനാഥ്
Published on Oct 31, 2026, 12:54 AM | 1 min read
തിരൂർ
വൈലത്തൂരിൽ നടന്ന മോട്ടോർ ഷോയിൽ പങ്കെടുത്ത നിയമവിരുദ്ധമായി മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി തിരൂർ ജോ. ആർടിഒ അനസ് മുഹമ്മദ്. 24 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് പിഴചുമത്തി. മോഡിഫിക്കേഷനുകൾ ഏഴ് ദിവസത്തിനകം പഴയപടിയാക്കി അധികൃതരെ ബോധ്യപ്പെടുത്തണമെന്നാണ് നിർദേശം. നാൽപ്പതോളം വാഹനങ്ങൾ പങ്കെടുത്ത പ്രദർശനത്തിൽ രജിസ്ട്രേഷൻ, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കണ്ടെത്തി. രജിസ്ട്രേഷൻ നമ്പർപോലുമില്ലാത്ത തീ തുപ്പുന്ന കാറുകളടക്കം പ്രദർശിപ്പിച്ചിരുന്നു. ഓപറേഷൻ തൂഫാന്റെ പ്രചാരണം എന്ന പേരിലാണ് വൈലത്തൂരിലെ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറുക്കോളിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ മോട്ടോർ ഷോ സംഘടിപ്പിച്ചത്. നാൽപ്പതോളം വാഹനങ്ങൾ പങ്കെടുത്ത പരിപാടി കുറുക്കോളി മൊയ്തീൻ എംഎൽഎയായിരുന്നു ഉദ്ഘാടനംചെയ്തത്. നിയമവിരുദ്ധമായി രൂപമാറ്റംവരുത്തിയ വാഹനങ്ങളാണ് പ്രദർശനത്തിൽ കൂടുതലായുമുണ്ടായിരുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പതിനഞ്ച് ആഡംബര വാഹനങ്ങൾക്ക് ഇതരസംസ്ഥാന രജിസ്ട്രേഷനായിരുന്നു. ചില വാഹനങ്ങളിൽ നമ്പർ പ്ലേറ്റുണ്ടായിരുന്നില്ലെന്നും പത്തിലധികം കാറുകൾക്ക് പുക പരിശോധനാ സർട്ടിഫിക്കറ്റുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഓഡിറ്റോറിയത്തിൽ നടത്തേണ്ട പരിപാടി റോഡിലേക്ക് മാറ്റിയതിനെതിരെ നാട്ടുകാർ പരാതി നൽകിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. കൂടുതൽ വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടായേക്കും.









0 comments