ad
Deshabhimani

എആർ നഗറിലുണ്ട്‌ വിമാനമിറങ്ങുന്ന "വീട്‌'

Three airports

ഇഷാൻ ഷറഫ്

avatar
കെ കെ രാമകൃഷ്ണൻ

Published on Jul 08, 2025, 01:11 AM | 1 min read

വേങ്ങര

മൂന്ന് വിമാനത്താവളങ്ങൾ. ചെറുതും വലുതുമായ അമ്പതോളം വിമാനങ്ങൾ. രാത്രി വിമാനം ലാൻഡ്‌ ചെയ്യാൻ പ്രത്യേക ലൈറ്റിങ്‌ സംവിധാനം. ഏതെങ്കിലും രാജ്യത്തിന്റെ കാര്യമല്ല. എ ആർ നഗറിലെ വലിയപറമ്പ് സെൻട്രൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി ഇഷാൻ ഷറഫ് സ്വന്തം വീട്ടിൽ തീർത്ത വിസ്‌മയ ലോകമാണിത്‌. കേവലം എ ഫോർ പേപ്പറുകളും പശയുംമാത്രം ഉപയോഗിച്ചാണ്‌ ഇഷാൻ ഈ ലോകം പണിതത്‌. ഇഷ്ടപ്പെട്ട ചിത്രങ്ങൾ മികവോടെ വരച്ചും പെയിന്റ് ചെയ്ത് മികവുതെളിയിച്ച ഇഷാൻ ജീവസ്സുറ്റ രചനകളുടെ ഉടമയുമാണ്‌. എന്നാൽ രണ്ട് വർഷത്തോളമായി ചിത്രരചന മാറ്റിവച്ച് വിമാന നിർമാണത്തിലാണ് മുഴുവൻ ശ്രദ്ധയുമെന്ന് ഉമ്മ സമീറ പറഞ്ഞു. ഒഴിവുസമയങ്ങൾ മുഴുവനായും ഫോണിൽ കളിക്കുന്നത് ഒഴിവാക്കാനാണ്‌ മകന് കരകൗശല നിർമാണ മേഖലയിൽ പിന്തുണ നൽകിയതെന്നും ഇവർ പറയുന്നു. ഇഷാൻ വിമാനം നിർമിക്കാൻ അവയുടെ യഥാർഥ മാതൃകതന്നെയാണ് പകർത്തുന്നത്. വിമാനങ്ങളുടെ ഓരോ ഭാഗവും നിർമിച്ച അതേ അനുപാതത്തിലാണ് ഓരോ ഭാഗവും അളന്നുതിട്ടപ്പെടുത്തുന്നത്. യു ട്യൂബിന്റെ സഹായത്താലാണ് വിമാനത്തിന്റെ ബോഡി, ചിറക്, ടയർ എന്നിവയുടെ അളവുകൾ കണ്ടെത്തിയത്‌. എയർപോർട്ടിനകത്തുള്ള ബസ് ബേ, കാർഗോ ടെർമിനൽ, എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം കൃത്യതയോടെ പകർത്തി. പ്ലസ്ടു കഴിഞ്ഞാൽ ഏവിയേഷൻ അക്കാദമിയിൽ ചേർന്ന് പൈലറ്റ് ലൈസൻസ് നേടണമെന്നതാണ് ഈ മിടുക്കന്റെ സ്വപ്നം. തന്റെ നിർമിതികൾ ആരെയെങ്കിലും കാണിക്കാൻ താല്‍പ്പര്യമില്ലാത്തതിനാൽ ഇഷാന്റെ കഴിവുകൾ അവന്റെ കൂട്ടുകാരോ സ്കൂൾ അധികൃതരോ അറിഞ്ഞിരുന്നില്ല. പുകയൂരിൽ ട്രാവൽസ് നടത്തുന്ന പ്രവാസിയായ ബാപ്പ അരീക്കാടൻ അഷ്റഫിന്റെ മികച്ച പിന്തുണയാണ്‌ ഇഷാന്റെ ഊർജം. ആവശ്യമായ പേപ്പറുകളും ഉപകരണങ്ങളുമൊക്കെ വാങ്ങിനൽകുന്നത് ബാപ്പയാണ്‌. അനിയൻ ഹംദി സെനിനും വിമാന നിർമാണത്തിനും ചിത്രകലയ്ക്കും ഇക്കാന്റെ കൂടെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home