ഒളിവിലെ ഓര്‍മയില്‍ വിളയില്‍

പി അഭിഷേക്
Published on Jun 07, 2026, 12:34 AM | 2 min read
അരീക്കോട്
ഒരുകാലത്ത് മലബാറിലെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളുടെ ഇടത്താവളമായിരുന്നു മലപ്പുറം അരീക്കോടിനടുത്തുള്ള വിളയില്‍ പ്രദേശം. പഴയ കോഴിക്കോട് ജില്ലയുടെ ഭാഗമായ ഈ ഉള്‍നാടന്‍ മലഞ്ചെരുവില്‍ ഇ എം എസ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പലകുറി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1948ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചപ്പോള്‍, കോണ്‍ഗ്രസ് ഗുണ്ടകളുടെയും പൊലീസിന്റെയും കണ്ണില്‍പ്പെടാതെ നേതാക്കള്‍ക്ക് സംരക്ഷണമൊരുക്കിയത് ഇന്നാട്ടുകാരാണ്. ഒളിത്താവളം ഇടയ്‌ക്കിടെ മാറി വിളയില്‍ പറപ്പൂരിലെത്തിയ ഇ എം എസ് ഒരുരാത്രി താമസിച്ചത് തിരുവാച്ചോലയിലെ വടക്കീട്ടില്‍ ഗോപാലന്‍ നായരുടെ തറവാട്ടിലായിരുന്നു. ഇ എം എസിന്റെയും വി ടി ഭട്ടതിരിപ്പാടിന്റെയും പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടരായി പ്രദേശത്തെ നിരവധി നമ്പൂതിരി കുടുംബങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കാലമായിരുന്നു അത്. അവരുടെ വയലുകളില്‍ തൊഴിലെടുത്തിരുന്ന കര്‍ഷകരും കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്നു. പ്രദേശത്തെ വീടുകളില്‍ നേതാക്കള്‍ ഒളിവിലുണ്ടെന്നറിഞ്ഞാല്‍ ഇവര്‍ ജാഗരൂകരാകും. പൊലീസുകാരും കോണ്‍ഗ്രസുകാരും വരുന്നുണ്ടെങ്കില്‍ മലമുകളില്‍ കയറി പ്രത്യേക രീതിയില്‍ കൂക്കിവിളിച്ച് മുന്നറിയിപ്പ് നല്‍കും. ഈസമയം ഒളിവില്‍ കഴിയുന്ന നേതാക്കള്‍ രക്ഷപ്പെടും. മൂന്ന് ഭാഗങ്ങളിലേക്ക് രക്ഷപ്പെട്ടുപോകാന്‍ കഴിയുന്ന രീതിയിലുള്ള ഭൂപ്രദേശം ഒളിവുജീവിതത്തിന് അനുയോജ്യമായിരുന്നു. ഗോപാലന്‍ നായരുടെ മകന്‍ പരേതനായ ചെന്താമരന്‍ നായരുടെ മക്കളുടെ കൈവശമാണ് നിലവില്‍ ഈ വീട്. പഴയ തറവാട് പൊളിച്ച് പുതിയ വീട് പണിതിട്ടുണ്ട്. പുല്‍ക്കെട്ടില്‍ ഒളിപ്പിച്ച സന്ദേശം കല്ലച്ചുകള്‍ ഉപയോഗിച്ച് കടലാസില്‍ പകര്‍ത്തിയ പാര്‍ടി നേതാക്കളുടെ സന്ദേശം പൊലീസുകാര്‍ കാണാതിരിക്കാന്‍ പുല്‍ക്കെട്ടില്‍ ഒളിപ്പിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നത്. ഗോപാലന്‍ നായരുടെ ഭാര്യ മാധവിയമ്മ (ചിന്നമ്മ) അക്കാലത്തെ പ്രധാന ദൂതരില്‍ ഒരാളായിരുന്നു. നേതാക്കള്‍ നല്‍കിയ സന്ദേശം ഒളിപ്പിച്ച പുല്‍ക്കെട്ട് കൊണ്ടുപോയി കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ക്ക് നല്‍കും. ഇങ്ങനെ പല കൈകളിലൂടെ പുല്‍ക്കെട്ട് എത്തേണ്ടിടത്തെത്തും. വടക്കീട്ടില്‍ ഗോപാലന്‍ നായരുടെ ഡയറിക്കുറിപ്പുകളില്‍ അക്കാലത്തെ പാര്‍ടി പ്രവര്‍ത്തനം എങ്ങനെയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മകളുടെ മകനും മഞ്ചേരി ബോയ്സ് എച്ച്എസ്എസ് റിട്ട. പ്രധാനാധ്യാപകനുമായ ടി കെ ജോഷി പറയുന്നു. ഇദ്ദേഹത്തിന്റെ അമ്മ എ സൗദാമിനിക്ക് മുത്തച്ഛന്‍ കൈമാറിയതാണ് ഡയറി. രഹസ്യ കോഡുകളിലൂടെ സന്ദേശം കൈമാറിയിരുന്നു. അര്‍ഥമില്ലാതെ കുറിച്ചിട്ട മലയാളം അക്ഷരങ്ങള്‍ക്കിടയില്‍ കൃത്യമായ സന്ദേശമുണ്ടായിരിക്കും. ഇത്തരം രഹസ്യ കോഡുകളുള്ള വാചകങ്ങള്‍ ഡയറിയില്‍ കണ്ടിരുന്നുവെന്നും ജോഷി സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാരുടെ പാര്‍ടി കര്‍ഷകത്തൊഴിലാളികളും പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടരായ നമ്പൂതിരി, നായര്‍ കുടുംബങ്ങളും ഉള്‍പ്പെടെ പ്രദേശവാസികളില്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു. ടി കെ ജോഷിയുടെ അച്ഛച്ഛൻ എളഞ്ചീരി ഗോവിന്ദന്‍, എംഎസ്‌പിയില്‍നിന്ന് പിരിച്ചുവിട്ട പൂളക്കോട്ട് ചോയി, മടത്തില്‍ വാസുദേവന്‍ നമ്പൂതിരി, എം പി വേലായുധന്‍ നായര്‍, കൊളങ്ങര പരമേശ്വരന്‍ നമ്പൂതിരി, കോയിമ്മരുട്ടി ഹാജി, എളച്ചീരി കമ്മുക്കുട്ടി ഹാജി തുടങ്ങിയവരായിരുന്നു പ്രധാന സംഘാടകര്‍. കുഞ്ഞാലിയും പാലോളി മുഹമ്മദ്കുട്ടിയും കെ എ കേരളീയനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്കാലത്ത് പ്രദേശത്ത് പാര്‍ടി പ്രവര്‍ത്തനം നടത്തിയിരുന്നു. മലബാര്‍ കലാപ കാലത്ത് ബ്രിട്ടീഷ് പട്ടാളം പൂളക്കോട്ട് ചോയിയുടെ തറവാട്ടുവീട് തീവച്ച് നശിപ്പിച്ചിരുന്നുവെന്ന് മകന്‍ പൂളക്കോട് ശ്രീധരന്‍ ഓര്‍ത്തെടുക്കുന്നു.










0 comments