പിഞ്ചുകുഞ്ഞ് റോഡിലെത്തി; രക്ഷകരായി ബസ് ജീവനക്കാർ

വലിയപറമ്പിൽ റോഡിനുനടുവിൽ എത്തിയ കുഞ്ഞിനെ രക്ഷിക്കാൻ ഓടിയെത്തുന്ന ബസ് ജീവനക്കാരൻ
കൊണ്ടോട്ടി
വാഹനത്തിരക്കുള്ള റോഡിനുനടുവിലെത്തിയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ. വലിയപറമ്പ് ചെറുമുറ്റം ഒളവട്ടൂർ പിഡബ്ല്യുഡി റോഡിൽ പൂളക്കത്തടം കിണർപടിയിൽ ബുധൻ രാവിലെ എട്ടരയോടെയാണ് സംഭവം. ഒളവട്ടൂർ ഭാഗത്തുനിന്ന് ഫറോക്കിലേക്ക് പോവുകയായിരുന്ന സഫാ മർവാ ബസിലെ ജീവനക്കാരാണ് കുഞ്ഞിന്റെ രക്ഷകരായത്. ചാറ്റൽമഴയുള്ള സമയത്ത് വളവുള്ള റോഡിൽ ഒരുവയസ്സുപോലും പ്രായമാകാത്ത കുഞ്ഞിരിക്കുന്നത് കണ്ടത്. വലിയപറമ്പ് പാലപറമ്പ് സ്വദേശിയായ ഡ്രൈവർ രാമചന്ദ്രൻ പെട്ടെന്ന് ബസ് നിർത്തുകയായിരുന്നു. ബസ് നിന്നയുടൻ കണ്ടക്ടർ ആലക്കപ്പറമ്പ് സ്വദേശി നവാസലി ഓടിയിറങ്ങി കുഞ്ഞിനെ വാരിയെടുത്ത് സുരക്ഷിതമായി വീട്ടുകാരെ ഏൽപ്പിച്ചു. റോഡിന് തൊട്ടടുത്തുള്ള വീട്ടിലെ റമീസിന്റെ പെൺകുഞ്ഞാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ റോഡിലേക്ക് ഇറങ്ങിയത്. ചരക്കുലോറികളടക്കം നിരന്തരം ചീറിപ്പായുന്ന പ്രധാന റോഡാണിത്.










0 comments