ad
Deshabhimani

പ്ലസ് വൺ അധിക ബാച്ച്‌

കരുതലല്ല, ലക്ഷ്യം കച്ചവടം

The Muslim League's commercial interests lay behind the propaganda claiming that sixty of the 120 new batches sanctioned by the UDF government were allocated to Malappuram district.
avatar
ആർ ഹനീഷ്‌കുമാർ

Published on Jul 12, 2026, 12:00 AM | 2 min read

മലപ്പുറം

യുഡിഎഫ്‌ സർക്കാർ അനുവദിച്ച 120 പുതിയ ബാച്ചുകളിൽ അറുപതും മലപ്പുറം ജില്ലയിലേക്കെന്ന്‌ പ്രചരിപ്പിച്ചതിന്‌ പിന്നിൽ മുസ്ലിംലീഗിന്റെ കച്ചവടക്കണ്ണ്‌. മലബാറിൽ പ്ലസ് വൺ സീറ്റ് ക്ഷാമമെന്ന പുകമറ സൃഷ്ടിച്ചത്‌ എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റ്‌ വഴിയുള്ള സാന്പത്തിക നേട്ടം ലക്ഷ്യമിട്ടാണ്‌. പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളുൾപ്പെടുന്ന മലബാർ മേഖലയിൽ പ്ലസ്‌ വൺ പ്രവേശനം നേടേണ്ട വിദ്യാർഥികളുടെ അനുപാതവും സ്‌കൂളുകളുടെ പട്ടികയും അടിസ്ഥാനമാക്കി ശാസ്‌ത്രീയ പരിശോധന നടത്തി വിഭജിച്ചാൽപോലും 40 ബാച്ചുകളിൽ താഴെ മാത്രമെ മലപ്പുറം ജില്ലക്ക്‌ അനുവദിക്കേണ്ടതുള്ളൂവെന്നാണ്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്‌. എന്നാൽ, അനുവദിക്കപ്പെട്ട 120–ൽ പകുതിയും മലപ്പുറം ജില്ലക്ക്‌ അനുവദിപ്പിക്കാനും ഇവ യുഡിഎഫ്‌ അനുകൂല എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകൾക്കായി വീതംവച്ച്‌ നൽകാനും ഉന്നത നേതാക്കൾ വകുപ്പ്‌ മന്ത്രിയോട്‌ സമ്മർദംചെലുത്തി. പാലക്കാട്‌–മലപ്പുറം ജില്ലകൾ പ്രവർത്തന പരിധിയായുള്ള ഹയർ സെക്കൻഡറി മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ലഭിച്ച അപേക്ഷകളുടെ എണ്ണവും ലീഗ്‌ ഇടപെടലിനെ സാധൂകരിക്കുന്നതാണ്‌. ഇതുവരെ 32 അപേക്ഷകൾ ലഭിച്ചപ്പോൾ 25 അപേക്ഷകളും മലപ്പുറം ജില്ലയിലെ എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകളുടേതാണ്‌. ഏഴ്‌ അപേക്ഷകൾ പാലക്കാട്‌ ജില്ലയിൽനിന്നാണ്‌. ഇതിൽ സർക്കാർ മേഖലയിൽനിന്ന്‌ ഒന്നുമാത്രം– പാലക്കാട്‌ പട്ടാന്പിയിലെ നടുവട്ടം ഗവ. സ്‌കൂൾ. ​യുഡിഎഫ്‌ കാലം, 
കച്ചവട സീസൺ 2014–15 അധ്യയന വർഷത്തിൽ യുഡിഎഫ്‌ ഭരണകാലത്താണ്‌ സംസ്ഥാനത്താകെ വൻതോതിൽ ഹയർ സെക്കൻഡറി മേഖലയിൽ പുതിയ ബാച്ചുകളും തസ്‌തികകളും അനുവദിച്ചിരുന്നത്‌. ഇതിലൂടെ ലീഗ്‌ നേതാക്കൾ കോടികൾ മറിച്ചെന്നും ആരോപണമുയർന്നിരുന്നു. ഹയർ സെക്കൻഡറി സ്കൂളുകൾ ഇല്ലാത്ത 131 പഞ്ചായത്തുകളിൽ 43 ഗവ. ഹൈസ്കൂളുകളും 88 എയ്‌ഡഡ് ഹൈസ്കൂളുകളും ഹയർ സെക്കൻഡറി സ്കൂളുകളായി അപ്‌ഗ്രേഡ് ചെയ്‌തു. എറണാകുളംമുതൽ കാസർകോടുവരെയുള്ള ജില്ലകളിലെ 18 ഗവ. ഹൈസ്കൂളുകളും 77 എയ്‌ഡഡ് ഹൈസ്കൂളുകളും ഹയർ സെക്കൻഡറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്ത്‌ 143 ബാച്ചുകൾ അനുവദിച്ചു. സംസ്ഥാനത്താകെ 81 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 82 അധിക ബാച്ചുകളും 319 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലായി 344 അധിക ബാച്ചുകളും ഉൾപ്പെടെ ആകെ 426 അധിക ഹയർ സെക്കൻഡറി ബാച്ചുകളും അനുവദിച്ചു. എൽഡിഎഫ്‌ അധികാരത്തിലെത്തിയതോടെ മാർജിനൽ സീറ്റുകൾ അനുവദിച്ചും മറ്റ്‌ ജില്ലകളിലുണ്ടായിരുന്ന അധിക ബാച്ചുകളെ സീറ്റുക്ഷാമമുള്ള ജില്ലകളിലേക്ക്‌ അനുവദിച്ചും പരിഹാരം കണ്ടെത്തിയിരുന്നു. കൃത്യമായ പരിശോധനയിലൂടെ അടിസ്ഥാന സ‍ൗകര്യങ്ങൾ ഉറപ്പുവരുത്തി ചില കോർപറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും പുതിയ ബാച്ചുകളും തസ്‌തികകളും അനുവദിച്ചിരുന്നു. എന്നാൽ, നിലവിൽ മുസ്ലിംലീഗ്‌ നേതാക്കൾ മാനേജ്‌മെന്റ്‌ പ്രതിനിധികളെ ബന്ധപ്പെട്ട്‌ പുതിയ കോന്പിനേഷനിൽ അപേക്ഷ നൽകാനും കൂടുതൽ തസ്‌തികകൾ സൃഷ്ടിക്കാമെന്നും നിർദേശിച്ചാണ്‌ കച്ചവടത്തിന്‌ കളമൊരുക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home