ad
Deshabhimani

രേഖകളിൽ ആർടിഎ അംഗീകാരമില്ല

മുടക്കമില്ലാതെ മലപ്പുറം നഗരസഭാ ബസ്‌ സ്റ്റാൻഡിലെ പിരിവ്‌

The municipality collects Rs 72,000 per month in fees from buses arriving at the Malappuram Municipal Bus Stand.

മലപ്പുറം കോട്ടപ്പടിയിലെ മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ്

avatar
എ എം യാസർ

Published on Jun 07, 2026, 12:41 AM | 1 min read

​മലപ്പുറം

റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബോർഡിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന കോട്ടപ്പടി മലപ്പുറം നഗരസഭാ ബസ്‌ സ്റ്റാൻഡിലെത്തുന്ന ബസുകളിൽനിന്ന്‌ നഗരസഭ ഫീസിനത്തിൽ പ്രതിമാസം ഇ‍ൗടാക്കുന്നത്‌ 72,000 രൂപ. ഒരുബസിന്‌ 10 രൂപയാണ്‌ ഇ‍ൗടാക്കുന്നത്‌. പ്രതിദിനം 240ഓളം ബസുകൾ സർവീസ്‌ നടത്തുന്നുണ്ട്‌. എല്ലാ ബസുകളും സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കാത്തതിനാൽ ബസ്‌ സ്റ്റാൻഡിന് പുറത്തുനിന്നാണ് ഫീസ് പിരിക്കുന്നതെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. മലപ്പുറം നഗരസഭ ബസ്‌ സ്റ്റാൻഡ്‌ പ്രവർത്തനവുമായി തർക്കം നിലനിൽക്കെ കഴിഞ്ഞദിവസമാണ്‌ ബസ് സ്റ്റാൻഡിന് റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഒ‍ൗദ്യോഗിക രേഖ പുറത്തുവന്നത്‌. പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ നൽകിയ വിവരാവകാശത്തിന്‌ മറുപടിയായാണ്‌ വിവരം ലഭിച്ചത്‌. 1992-ൽ നിർമിച്ച ബസ് സ്റ്റാൻഡിന് നിർമാണഘട്ടത്തിൽ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബോർഡിന്റെ അംഗീകാരം ലഭിച്ചിരുന്നില്ലെന്നും പിന്നീട് ഇതുവരെ അംഗീകാരം നേടിയിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ രേഖ പുറത്തുവന്നതോടെ ബസ് സ്റ്റാൻഡ് നിർമാണംമുതൽ ഇതുവരെയുള്ള നടപടിക്രമം പരിശോധിക്കണമെന്നും ആർടിഎ അംഗീകാരം ഇല്ലാത്ത സാഹചര്യത്തിൽ വർഷങ്ങളായി ഫീസ് പിരിവ് നടത്തിയതിൽ അധികൃതർ വിശദീകരണം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home