കർഷകരുടെ പ്രിയ 'റൈഫിൾ ക്ലബ്'

കെ വി ഇല്ല്യാസ് ബാബുവും സഹോദരൻ ആഷിഖും

ടി വി സുരേഷ്
Published on Jul 12, 2026, 12:00 AM | 1 min read
മഞ്ചേരി
ബ്രിട്ടീഷ് ഭരണകാലത്ത് ഏറനാട് താലൂക്കിലെ അധികാരിയായിരുന്ന വല്യുപ്പ സ്വയംരക്ഷയ്ക്കായി കരുതിയ തോക്കിനിന്ന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകൾ കൈമാറി വന്ന ആ പൈതൃകത്തെ വെറുമൊരു ഓർമച്ചിത്രമായി ചുവരിൽ തൂക്കിയിടാൻ ആനക്കയം പുളിലങ്ങാടി സ്വദേശി കെ വി ഇല്ല്യാസ് ബാബുവും സഹോദരൻ ആഷിഖും തയ്യാറായില്ല. ലക്ഷ്യം തെറ്റാത്ത ഷൂട്ടിങ് വൈദഗ്ധ്യത്തെ കർഷകരുടെ കണ്ണീരൊപ്പാനുള്ള ജനസേവനമാക്കി മാറ്റുകയാണിവർ. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ അഞ്ഞൂറിലേറെ ശല്യക്കാരായ കാട്ടുപന്നികളെയാണിവർ വെടിവച്ചിട്ടത്. കർഷകർക്ക് ഇന്ന് ഇല്ല്യാസിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം നൽകുന്ന ആശ്വാസം ചെറുതല്ല. നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് ഇവരുടെ സേവനം തേടുന്നത്. ഇരുവർക്കും രണ്ടുപതിറ്റാണ്ടായി തോക്ക് ലൈസൻസുമുണ്ട്. ബാപ്പ അബ്ദുൽ അസീസിലൂടെ കൈമാറിക്കിട്ടിയ ഒറ്റ ബാരൽ തോക്ക് 21 വർഷമായി ഇല്ല്യാസ് പൊന്നുപോലെയാണ് സൂക്ഷിക്കുന്നത്. ആഷിഖിന്റെ സ്പെയിൻ നിർമിത തോക്കിനും പഴക്കമേറെയാണ്. കോളേജ് പഠനകാലത്ത് എൻസിസി കേഡറ്റുകളായിരുന്നു ഇരുവരും. അന്നുമുതൽ തോക്കുപയോഗിക്കാൻ പരിശീലനം ലഭിച്ചിട്ടുണ്ട്. അഞ്ച് വർഷത്തോളം സീനിയർ അണ്ടർ ഓഫീസർമാരായിരുന്ന അനുഭവസമ്പത്തും മലപ്പുറം, പാലക്കാട് റൈഫിൾ ക്ലബ്ബുകളിലെ സജീവ അംഗത്വവും ഇവരുടെ ലക്ഷ്യം തെറ്റാതിരിക്കാൻ സഹായിക്കുന്നു. ഇല്ല്യാസ് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഈവർഷം മലപ്പുറം റൈഫിൾ ക്ലബ് നടത്തിയ മത്സരത്തിൽ സ്വർണവും നേടി. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ സർക്കാർ ഉത്തരവിറക്കിയതോടെയാണ് ഇവർ കർഷകർക്ക് താങ്ങായി എത്തിയത്. 12 ബോർ കാട്രിഡ്ജ് ഉപയോഗിക്കുന്ന തോക്കുകളിലേക്ക് എറണാകുളത്തുനിന്നാണ് പ്രത്യേകമായി തിരകളെത്തിക്കുന്നത്. തോക്ക് ലൈസൻസുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായ കെ വി നൗഷാദ്, വി നസീഫ്, ആഷിഖ്, അബ്ദുൽ റഷീദ്, ഹംസ, അസീസ് ഇരുമ്പുഴി, നൗഷാദ് എന്നിവരടങ്ങുന്നതാണ് സംഘം.










0 comments