സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചു
പടരും ഇനിയുമേറെ

പൊന്നാനി
തീരദേശത്തിന്റെ വിയർപ്പും പോരാട്ടവീര്യവും ഒത്തുചേർന്ന ജനക്കൂട്ടം അറബിക്കടലിന്റെ ഓരത്തെ വീണ്ടും ചുവപ്പണിയിച്ചു. തീരം അക്ഷരാർഥത്തിൽ ചെങ്കടലായി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്കും എണ്ണമറ്റ ത്യാഗോജ്വല സമരപോരാട്ടങ്ങൾക്കും സാക്ഷിയായ പൊന്നാനിയുടെ മണ്ണിന് ആവേശം പകർന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ജനസാഗരമായി. രണ്ട് കേന്ദ്രങ്ങളിൽനിന്നായി ആരംഭിച്ച പ്രകടനത്തിൽ അരലക്ഷത്തോളംപേർ പങ്കെടുത്തു. സിവി ജങ്‌ഷനിൽനിന്നും പൊന്നാനി ഹാർബറിൽനിന്നുമാണ് പ്രകടനം ആരംഭിച്ചത്. ജില്ലയിലെ ഏഴ് തീരദേശ ഏരിയാ കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. പൊന്നാനി ഹാർബറിൽനിന്നാരംഭിച്ച പ്രകടനം ജിം റോഡ് വഴിയും സിവി ജങ്‌ഷനിൽനിന്നാരംഭിച്ച പ്രകടനം ചന്തപ്പടിവഴിയും പൊതുസമ്മേളന നഗരിയായ നിളയോര പാതയിൽ എത്തി. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി പി അനിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയുടെ സുവനീര്‍ പിണറായി വിജയൻ പി ശ്രീരാമകൃഷ്ണന് നൽകി പ്രകാശിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി പി മുഹമ്മദ്കുഞ്ഞി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഇ സിന്ധു നന്ദിയും പറഞ്ഞു.









0 comments