സൂപ്പര്‍ ലീഗ് കേരള
മലപ്പുറത്തിന് "തൃശൂര്‍ പൂരം'


സ്വന്തം ലേഖകൻ
Published on Nov 14, 2026, 12:36 AM | 1 min read
മലപ്പുറം
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ തുടര്‍ച്ചയായ വിജയം ലക്ഷ്യമിട്ട് മലപ്പുറം എഫ്‌സി (എംഎഫ്സി) ശനിയാഴ്ച തൃശൂർ മാജിക് എഫ്‌സിക്കെതിരെ കളത്തിലിറങ്ങും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഹോംഗ്രൗണ്ടായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ വിജയാരവം എവേ ഗ്രൗണ്ടിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സീസണില്‍ ഇതുവരെ എവേ ഗ്രൗണ്ടില്‍ എംഎഫ്സിക്ക് വിജയമില്ല. എവേ ഗ്രൗണ്ടില്‍ കളിച്ച ആദ്യമൂന്ന് മത്സരത്തില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമാണ്. സമനില വഴങ്ങിയ മത്സരങ്ങളില്‍ ഷൂട്ടൗട്ടില്‍ തോറ്റു. ഹോംഗ്രൗണ്ടിലെ നാല് മത്സരത്തില്‍ മൂന്നിലും ജയിച്ചു. കലിക്കറ്റിനെതിരെ മാത്രമായിരുന്നു തോല്‍വി.
ഒക്ടോബര്‍ 17ന് മഞ്ചേരിയില്‍ നടന്ന മത്സരത്തില്‍ തൃശൂരിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്. രണ്ടാംപകുതിയിലാണ് നാല് ഗോളും അടിച്ചത്. കളിമികവ് തൃശൂരിലും തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. എന്നാല്‍, പ്രമുഖ താരങ്ങള്‍ പരിക്കുകാരണം ടീം വിട്ടത് തിരിച്ചടിയാണ്. മുന്നേറ്റതാരം അമദൗ സൊക്കൂന കളിമതിയാക്കി നാട്ടിലേക്ക് മടങ്ങി. പ്രതിരോധക്കാരായ ബിബിന്‍ അജയനും മഷൂര്‍ ഷെരീഫും സീസണില്‍ കളിക്കില്ല. ഗോൾകീപ്പർ മുഹമ്മദ് അർബാസ്, പ്രതിരോധക്കാരാന്‍ മുഹമ്മദ് ബിലാൽ, മധ്യനിരയില്‍ എൽഫോർസി, മുന്നേറ്റത്തില്‍ നെദീം ഹാഡ്‌സിക് എന്നിവരിലാണ് പ്രതീക്ഷ. മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചറിഫയുടെ സംഘത്തിന് ഏഴ് കളിയില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി 11 പോയിന്റാണുള്ളത്. പട്ടികയിൽ മൂന്നാംസ്ഥാനത്താണ്. ഏഴ് കളിയില്‍ ഏഴ് പോയിന്റുള്ള തൃശൂര്‍ അഞ്ചാംസ്ഥാനത്താണ്.








0 comments