Deshabhimani

അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ മിൽമ തകർച്ചയിലേക്ക്

സബ്‌സിഡി കാലിത്തീറ്റ കിട്ടാനില്ല

Subsidized cattle feed
avatar
പി അഭിഷേക്

Published on Oct 05, 2026, 12:00 AM | 1 min read

മലപ്പുറം

മില്‍മയുടെ സബ്സിഡി കാലിത്തീറ്റ കിട്ടാതെ പ്രതിസന്ധിയിലായി മലബാറിലെ ക്ഷീരകര്‍ഷകര്‍. മില്‍മ മലബാര്‍ മേഖലാ യൂണിയനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മലമ്പുഴയിലെ കാലിത്തീറ്റ നിര്‍മാണ പ്ലാന്റില്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് കാരണം. പ്രതിദിനം 300 ടണ്‍ ശേഷിയുള്ള പ്ലാന്റില്‍ നിലവില്‍ 150മുതല്‍ 200 ടണ്‍വരെമാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ക്ഷാമത്തിന് കാരണമെന്നാണ് വിശദീകരണം. ​യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മില്‍മ മലബാര്‍ യൂണിയനെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാന്‍ ഇവര്‍ മുന്നൊരുക്കം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാണ് മില്‍മയെ തകര്‍ക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. മില്‍മയുടെ കാലിത്തീറ്റ ഉല്‍പ്പാദനം കുറഞ്ഞാല്‍ സ്വകാര്യ കമ്പനികള്‍ക്ക് ഈ വിപണി കൈയടക്കാനാകും. അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇതിന് ഒത്താശചെയ്യുന്നുവെന്നാണ് ആരോപണം. ​നേരത്തെ ക്ഷീരസംഘങ്ങള്‍ക്ക് ബുക്ക്ചെയ്ത് നാല് ദിവസത്തിനകം കാലിത്തീറ്റ ലഭിച്ചിരുന്നു. ഇപ്പോള്‍ എട്ട് ദിവസമായിട്ടും കിട്ടുന്നില്ല. 50 കിലോയുടെ മില്‍മ ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് 1350 രൂപയും മില്‍മ വൈപ്രോയ്ക്ക് 1550 രൂപയുമാണ് വില. ഗോള്‍ഡിന് 200 രൂപയും വൈപ്രോയ്ക്ക് 100 രൂപയും സബ്സിഡിയുണ്ട്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്ക് 1700ന് മുകളിലാണ് വില. മില്‍മയുടെ ഗുണമേന്മയുള്ള കാലിത്തീറ്റ കിട്ടാതായതോടെ ഉയര്‍ന്നവില കൊടുത്ത് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. 2022ന് ശേഷം കാലിത്തീറ്റയുടെ വില മില്‍മ വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, നിലവില്‍ ക്ഷാമത്തിന്റെ പേരുപറഞ്ഞ് കാലിത്തീറ്റയുടെ വിലവര്‍ധിപ്പിക്കുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home