ad
Deshabhimani

ഇന്ന്‌ അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനം

രാസലഹരി വാഴുന്നു

Statistics show that the influx of chemical addicts is increasing dangerously.
വെബ് ഡെസ്ക്

Published on Jun 26, 2026, 12:53 AM | 1 min read

മലപ്പുറം

ജില്ലയിൽ രാസലഹരികളുടെ വരവ്‌ അപകടകരമായി കൂടുന്നുവെന്ന്‌ കണക്കുകൾ. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 712 ഗ്രാം എംഡിഎംഎയാണ്‌ ജില്ലയിൽ പിടികൂടിയത്‌. ജനുവരിമുതലുള്ള കണക്കാണിത്‌. കഴിഞ്ഞ വർഷം ആകെ പിടികൂടിയതിനേക്കാൾ കൂടുതലാണിത്‌. അധികൃതരുടെ കണ്ണുവെട്ടിച്ചുപോകുന്നതുംകൂടി നോക്കിയാൽ ആശങ്കാജനകമാണ്‌ സ്ഥിതി. കഴിഞ്ഞ വർഷം 511. 416 ഗ്രാം എംഡിഎംഎയാണ്‌ ജില്ലയിൽ എക്‌സൈസ്‌, പൊലീസ്‌ പരിശോധനകളിൽ പിടിയിലായത്‌. ഇ‍ൗവർഷം ആറുമാസമാകുന്പോഴേക്കും ഇതിനെ മറികടന്നു. മെത്താംഫിറ്റമിന്റെ കാര്യത്തിലും ആശങ്കയുണ്ടാക്കുന്നതാണ്‌ കണക്കുകൾ. കഴിഞ്ഞ വർഷം 503 ഗ്രാം മെത്താംഫിറ്റമിനാണ്‌ പിടികൂടിയത്‌. ഇ‍ൗവർഷം ഇതുവരെ 198 ഗ്രാം മെത്താംഫിറ്റമിൻ പിടിയിലായി. 419 കേസുകളാണ് ഇ‍ൗവർഷം എക്സെെസ്‌ രജിസ്റ്റർചെയ്തത്. 387 പേർ അറസ്റ്റിലായി. 18 വാഹനങ്ങളും 8.17 ലക്ഷം രൂപയുമാണ് പിടികൂടിയത്‌. 96 കിലോഗ്രാം കഞ്ചാവും 62 ചെടികളും പിടികൂടിയിട്ടുണ്ട്‌. 9.390 ഗ്രാം ഹെറോയിനും 1.108 ബ്ര‍ൗൺഷുഗറും നാലുഗ്രാം ഹാഷിഷ്‌ ഓയിലും ആറുമാസത്തിനുള്ളിൽ പിടികൂടി. ലഹരിക്കടത്തുകാരുടെ 27 മൊബൈൽ ഫോണുകളാണ്‌ എക്‌സൈസിന്റെയും പൊലീസിന്റെയും കസ്‌റ്റഡിയിലുള്ളത്‌. ​ വിലകൂടിയാലും 
സംഗതി എളുപ്പം ​കഞ്ചാവടക്കമുള്ള ലഹരികളിൽനിന്നുമാറി രാസലഹരികളാണ്‌ ഇപ്പോൾ ട്രെൻഡ്‌. ഗ്രാമിന്‌ വലിയ വില നൽകിയാണ്‌ ഇത്‌ വാങ്ങുന്നത്‌. ഇരട്ടിലാഭം കിട്ടുന്നതിനാൽ എത്തിക്കുന്നവർക്കും ചാകരയാണ്‌. ബംഗളൂരുവിൽനിന്നാണ് രാസലഹരികൾ കൂടുതലായും ജില്ലയിലേക്ക്‌ എത്തുന്നത്. ഒളിപ്പിച്ചുകടത്താൻ വലിയ പ്രയാസമില്ലെന്നതിനാലാണ് രാസലഹരികൾ കൂടുതലായും എത്തുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു. പരിശോധനകളൊക്കെ മറികടക്കാൻ ഒറ്റപ്പെട്ട ഇടങ്ങൾ ഒഴിവാക്കി തിരക്കുള്ള റോഡുകൾപോലും വിൽപ്പനക്കാർ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്. ചെറിയ അളവ് മതിയെന്നതും കൈകാര്യംചെയ്യാൻ എളുപ്പമാണെന്നതുമാണ് എംഡിഎംഎയുടെ ഉപയോഗം വർധിപ്പിക്കുന്നത്. ചെറിയ പ്ലാസ്‌റ്റിക്‌ കവറിലാക്കിയാണ് ഇവ സൂക്ഷിക്കുന്നത്. അധികകാലം സൂക്ഷിക്കാൻ കഴിയില്ലെന്നതിനാൽ ചെറിയ അളവുമാത്രമേ മൊത്തവിൽപ്പനക്കാർ കൈമാറൂ. ഒരിക്കൽ ഉപയോഗിച്ചവർ തുടർച്ചക്കാരാകുന്നുവെന്നതും ആവശ്യക്കാർ കൂടുന്നതിന് കാരണമാകുന്നുണ്ട്. രാസലഹരികൾ ഗ്രാമങ്ങളിലേക്കും എത്തിത്തുടങ്ങിയെന്നതാണ്‌ അപകടകരം. എംഡിഎംഎയുടെ ഉപയോഗം വ്യാപകമായതോടെ യുവാക്കൾ ‘കമ്പനി'യായി കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലാണ്‌ എക്സൈസ് നിരീക്ഷണം. സ്‌കൂൾ വിദ്യാർഥികൾക്കിടയിൽപോലും ഇവയെത്തുന്നുവെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്‌. നേരത്തേ കേസുകളിൽപ്പെട്ടവർതന്നെ വീണ്ടും വീണ്ടും പിടിക്കപ്പെടുന്നത്‌ നിയമങ്ങളിലെ പഴുതുകൾ ഉപയോഗപ്പെടുത്തിയാണെന്ന വിമർശവുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home