മുണ്ടക്കൈ പുനരധിവാസം
കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും നഷ്ടപരിഹാരം കൈമാറുന്നില്ല

കൽപ്പറ്റ
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ വാണിജ്യ കെട്ടിടങ്ങൾ നഷ്ടമായവർക്കും വ്യാപാര സ്ഥാപനങ്ങൾ തകർന്നവർക്കും നഷ്ടപരിഹാരം കൈമാറാനുള്ള തുടർനടപടി സ്വീകരിക്കാതെ സർക്കാർ. ദുരന്തത്തിൽ കടമുറികൾ നഷ്ടമായവർക്ക് ഫെബ്രുവരിയിൽ ഏഴുലക്ഷം രൂപവീതം എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. ഒന്നിൽക്കൂടുതൽ കടമുറികൾ പോയവർക്ക് ഓരോന്നിനും 2.5 ലക്ഷം രൂപവീതവും അനുവദിച്ചു. കച്ചവടസ്ഥാപനങ്ങൾ തകർന്നവർക്ക് നഷ്‌ടം കണക്കാക്കി ധനസഹായം അനുവദിച്ചും ഉത്തരവിറക്കി. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതോടെ കെട്ടിട ഉടമകളെയും കച്ചവടക്കാരെയും പാടെ അവഗണിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച തുക നാളിതുവരെ കൈമാറാൻ തയ്യാറായിട്ടില്ല. ചൂരൽമലയിലും മുണ്ടക്കൈയിലുമായി 144 കടമുറികളാണ് ഉരുൾപൊട്ടലിൽ തകർന്നത്. 52 കെട്ടിട ഉടമകൾക്കാണ് നഷ്ടപരിഹാരം കൈമാറാനുള്ളത്. കെട്ടിട ഉടമകൾ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് വായ്‌പകളും ഇതുവരെ തീർപ്പാക്കിയിട്ടില്ല. കേന്ദ്ര സർക്കാർ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫ് സർക്കാർ സ്വന്തംനിലയിൽ കടം ഏറ്റെടുക്കുകയായിരുന്നു. കലക്ടറുടെ അക്കൗണ്ടിലേക്ക് പണവും നൽകി. ദുരന്തബാധിതരുടെ പേരിൽനിന്ന് ഇൗ ബാധ്യത ഒഴിവാക്കി നൽകിയിട്ടുമില്ല. ടൗൺഷിപ്പിലെ രണ്ടാംഘട്ട ഗുണഭോക്താക്കൾക്ക് നൽകാനുള്ള വീട് കൈമാറലും അനിശ്ചിതത്വത്തിലാണ്.









0 comments