മുസ്തഫ എത്തിയാൽ പാമ്പെത്ര പാവം!

തയ്യിൽ മുസ്തഫ പിടികൂടിയ രാജവെമ്പാലക്കൊപ്പം
കെ കെ രാമകൃഷ്ണൻ
Published on Jul 16, 2025, 12:05 AM | 1 min read
വേങ്ങര
ഇവിടെ പാമ്പുണ്ടെന്നു കേട്ടാൽ പേടിക്കാത്തവരുണ്ടോ? സമാധാനം പോകാൻ അതുമതി. എന്നാൽ വേങ്ങര ചേറൂരിലെ തയ്യിൽ മുസ്തഫയുടെ കാര്യം നേരെ തിരിച്ചാണ്. മുന്നിൽപെട്ടാൽ പെട്ടുപോവുക പാമ്പാണ്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയോ, ഉഗ്രവിഷമുള്ള ശംഖുവരയനോ, മൂർഖനോ, അണലിയോ ഏതുമാകട്ടെ മുസ്തഫയുടെ കൈയിൽ ഒതുങ്ങാത്ത പാമ്പില്ല. 10-ാം വയസ്സിലാണ് ബാപ്പ അബുവിന്റെ ശിക്ഷണത്തിൽ മുസ്തഫ പാമ്പുപിടിത്തം തുടങ്ങിയത്. 48-ാം വയസ്സിൽ എത്തിനിൽക്കുമ്പോൾ എത്ര പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. പതിനായിരത്തിലധികം എന്നാണ് മറുപടി. ഒരുദിവസംതന്നെ മൂന്നും നാലും പാമ്പുകളെ പിടിക്കും. ഇരതേടിയാണ് പലപ്പോഴും പാമ്പുകൾ മനുഷ്യരുടെ ഇടയിലേക്കിറങ്ങുന്നത്. അത് മനുഷ്യന്റെയും പാമ്പുകളുടെയും ജീവന് ഭീഷണിയാകുന്നു. ഇവിടെയാണ് മുസ്തഫയുടെ ഇടപെടൽ. ഒരു ഫോൺകോൾ മതി. മുസ്തഫ ഓടിയെത്തും. എടക്കര, നിലമ്പൂർ, അരീക്കോട് അടക്കമുള്ള മലയോര മേഖലകളിൽനിന്നും വിളികൾ വരാറുണ്ട്. വനം വകുപ്പിന്റെ 'സ്നേക്ക് ക്യാച്ചർ' സർട്ടിഫിക്കറ്റ് കൈവശമുള്ളതിനാൽ എവിടെ എത്തിയും മുസ്തഫ പാമ്പുകളെ പിടിക്കും. ഊരകം ചാലിൽകുണ്ടിൽ ഒരു കിണറ്റിൽനിന്ന് 18 മലമ്പാമ്പുകളെ പിടികൂടിയതാണ് ഏറ്റവും വലിയ പിടിത്തം. പിടികൂടുന്ന പാമ്പുകളെ വനം വകുപ്പിനെ ഏല്‍പ്പിക്കും. അല്ലെങ്കിൽ അവരുടെ നിർദേശപ്രകാരം ഉൾവനത്തിൽ വിടും. പാമ്പുകളെ പിടികൂടാൻമാത്രമല്ല ജനങ്ങൾ മുസ്തഫയെ വിളിക്കുന്നത്. കൂറ്റൻ തേനീച്ചക്കൂടുകൾ, കടുന്നൽകൂടുകൾ എന്നിവ ഒഴിവാക്കുന്നതിനും മുസ്തഫ വരും. കാട്ടുപന്നി, കുറുനരി, വെരുക്, കാട്ടുപൂച്ച എന്നിവയൊക്കെ പിടികൂടുന്നതിലും വിദഗ്ധനാണ്. വന്യജീവി അക്രമത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കുക തന്റെ കടമയാണെന്നാണ് മുസ്തഫയുടെ വിശ്വാസം. ഭാര്യ റഹിയാനത്ത് കണ്ണമംഗലം പഞ്ചായത്ത് അംഗമാണ്.










0 comments