സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം
അന്വേഷണ സംഘം അപകടസ്ഥലം സന്ദർശിച്ചു

വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിക്കാനിടയായ സംഭവം നടന്ന ചെറുമുക്ക് വയൽ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ
Published on Nov 17, 2026, 12:39 AM | 1 min read
തിരൂരങ്ങാടി
വയലിലെ വൈദ്യുത പോസ്റ്റിൽ അപകടനിലയിൽ തൂങ്ങിക്കിടന്ന സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ വൈദ്യുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. വയലിൽ സ്റ്റേ കമ്പി കിടക്കുന്ന വിവരം മാസങ്ങൾക്കുമുമ്പേ നാട്ടുകാർ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് നന്നമ്പ്ര ചെറുമുക്ക് പടിഞ്ഞാറെതല എറപറമ്പൻ ജുനൈദി (14)ന്റെ മരണത്തിനിടയാക്കിയത്.
അധികൃതർക്കെതിരെ ജനരോഷം ഉയർന്നതോടെയാണ് അന്വേഷണത്തിന് തീരുമാനമായത്. തിങ്കൾ രാവിലെ അന്വേഷണ സംഘം വെന്നിയൂരുള്ള കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷൻ ഓഫീസിലെത്തി. പിന്നീടാണ് അപകടസ്ഥലം സന്ദർശിച്ചത്. ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനിയർ മായ തമ്പാൻ, തിരൂർ സർക്കിൾ ഡെപ്യൂട്ടി എൻജിനിയർ വി എ മനോജ്, ഡെപ്യൂട്ടി ചീഫ് സേഫ്റ്റി ഓഫീസർ ജുമൈല എന്നിവരാണ് അന്വേഷണത്തിന് എത്തിയത്. സംഭവസ്ഥലം പരിശോധിച്ചശേഷം ഡിവിഷൻ ഓഫീസിലെത്തി യോഗം ചേർന്നു. തിരൂരങ്ങാടി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ വി വിനോദ് അടക്കമുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
വേഗത്തിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഞായർ രാത്രി മൂന്ന് മണിക്കൂറുകളോളം ഡിവൈഎഫ്ഐ തിരൂരങ്ങാടി, താനൂർ ബ്ലോക്ക് കമ്മിറ്റികൾ നടത്തിയ വെന്നിയൂർ സെക്ഷൻ ഓഫീസ് ഉപരോധത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി എ മനോജ് ഉറപ്പ് നൽകിയിരുന്നു.
അപകട വിവരം അറിയിച്ചിട്ടും അരമണിക്കൂറിനുശേഷമാണ് വൈദ്യുതിബന്ധം വിഛേദിച്ചതെന്ന പരാതിയും നാട്ടുകാർ ഉന്നയിച്ചിരുന്നു. ജുനൈദിന്റെ കുടുംബത്തിന് സഹായധനം നൽകാൻ ഉടൻ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇനിയൊരു കുട്ടിക്കും ഇത്തരം അനാസ്ഥമൂലം മരണം സംഭവിക്കരുതെന്ന് ജുനൈദിന്റെ പിതാവ് എറപറമ്പൻ ശിഹാബ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.









0 comments