Deshabhimani

ദമാം സർവീസും മുടങ്ങുന്നു

യാത്രക്കാർ
പെരുവഴിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2026, 12:02 AM | 1 min read

കരിപ്പൂർ

കരിപ്പൂരിൽനിന്നുള്ള ദമാം സർവീസുകളും മുടങ്ങുന്നത് സൗദി യാത്രക്കാർക്ക് കനത്ത തിരിച്ചടിയാകുന്നു. റിയാദ്, ജിദ്ദ സർവീസുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായ സൗദി യാത്രക്കാർക്കായാണ്‌ സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ ദമാമിൽനിന്ന് പ്രത്യേക സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. എന്നാൽ ഹൂതികൾ ദമാം വിമാനത്താവളത്തെയും ലക്ഷ്യംവച്ചതോടെ ഈ സർവീസുകൾ അനിശ്ചിതത്വത്തിലായി. നാട്ടിലേക്ക് മടങ്ങാനിരുന്ന ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ സൗദിയിൽ കുടുങ്ങിയത്. ​റിയാദ് വിമാനത്താവളത്തിനുനേരെയാണ് നേരത്തെ ഹൂതികൾ അക്രമം അഴിച്ചുവിട്ടത്. ഇതിൽ കേടുപാട് പറ്റിയ വിമാനത്താവളം കഴിഞ്ഞ ദിവസം തുറന്നെങ്കിലും പൂർണമായ തോതിൽ പ്രവർത്തനം ആരംഭിച്ചില്ല. 27വരെ സർവീസ് മുടക്കം പ്രഖ്യാപിച്ചിരുന്ന വിമാന കമ്പനികൾ നവംബർ ഏഴുവരെ നീട്ടി. ഇതോടെയാണ്‌ വിമാന കമ്പനികൾ ദമാം സർവീസ് പ്രഖ്യാപിച്ചത്. ദമാം വിമാനത്താവളവും അടച്ചതോടെ യാത്രക്കാർ പെരുവഴിയിലായി. നിലവിൽ സൗദിയിൽനിന്ന് റോഡ് മാർഗം അയൽ രാജ്യങ്ങളിലെത്തി നാട്ടിലേക്ക് മടങ്ങുകയാണ് ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ ചെയ്യുന്നത്. കോൺവോയ് അടിസ്ഥാനത്തിലാണ് യാത്രകളെന്നും ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് യാത്രചെയ്തതെന്നും ദീർഘകാലമായി സൗദിയിൽ കഴിയുന്ന കൊണ്ടോട്ടി തുറക്കൽ സ്വദേശിനി റാളിയ പുത്തലൻ പറഞ്ഞു. ബഹറൈൻവഴിയാണ് ഇവർ കരിപ്പൂരിലെത്തിയത്. വിമാന സർവീസുകൾ സാധാരണ ഗതിയിലാകുന്നതും കാത്ത് ആയിരങ്ങളാണ് സൗദിയിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home