സർപ്പ ആപ് ഹിറ്റ്
കാടുകയറ്റി, 83,830 പാമ്പുകളെ

സര്‍പ്പ നോഡല്‍ ഓഫീസര്‍ വൈ മുഹമ്മദ് അന്‍വര്‍ സുരക്ഷിതമായ പാമ്പുപിടിത്തം പരിശീലിപ്പിക്കുന്നു

എം സനോജ്
Published on Jul 16, 2026, 12:09 AM | 1 min read
നിലന്പൂര്‍
ജനവാസ മേഖലകളിലിറങ്ങുന്ന പാന്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാന്‍ വനംവകുപ്പ് ആവിഷ്കരിച്ച സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ (സ്നേക് അവയര്‍നസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്) വന്‍ ഹിറ്റ്. 2021 ജനുവരി ഒന്നുമുതൽ 2026 ജൂലൈ 12വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന് സർപ്പ ആപ് സഹായത്തോടെ 83,830 പാമ്പുകളെയാണ് പിടികൂടി വനത്തിൽ വിട്ടത്. രക്ഷപ്പെടുത്തിയ പാമ്പുകളിൽ ഏറ്റവും കൂടുതൽ മൂർഖനാണ്– 31,197. മലമ്പാമ്പ്–20,586, ചേര–12,361, അണലി– 3,792, കാട്ടുപാമ്പ്–3,105, വെള്ളിവരയൻ–2,559 എന്നിവയെ പിടികൂടി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുമാറ്റി. മറ്റ് ഇനങ്ങളിലുള്ള പാമ്പുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ വർഷവും സർപ്പ ആപ്പിലൂടെ രക്ഷപ്പെടുത്തുന്ന പാമ്പുകളുടെ എണ്ണവും വർധിച്ചുവരികയാണ്. 2021-ൽ 6,486 പാമ്പുകളെയാണ് രക്ഷപ്പെടുത്തിയത്. 2022-ൽ 9,562, 2023-ൽ 12,471, 2024-ൽ 16,801, 2025-ൽ 23,812 എന്നിങ്ങനെ ഉയർന്നു. 2026-ൽ ജൂലൈ 12വരെയുള്ള കാലയളവിൽമാത്രം 14,248 പാമ്പുകളെ രക്ഷപ്പെടുത്തി. പാമ്പുകടി മരണനിരക്കിലും ഗണ്യമായ കുറവുണ്ടായി. 2011–2016 കാലയളവിൽ സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 102.8 പേർ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഇത് 2016–2021 കാലയളവിൽ 91.4 ആയി കുറഞ്ഞു. സർപ്പ ആപ് പ്രവർത്തനം ശക്തമായ 2021–2026 കാലയളവിൽ വാർഷിക ശരാശരി മരണനിരക്ക് 39.8 ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാമ്പുകടി മരണനിരക്കിൽ പകുതിയിലേറെ കുറവ് കൈവരിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. സംസ്ഥാനത്ത് പാമ്പുസംരക്ഷണത്തിലും മനുഷ്യജീവൻ സംരക്ഷിക്കുന്നതിലും സർപ്പ ആപ്പിന്റെയും 2,700-ലധികം റെസ്ക്യൂ വളന്റിയർമാരുടെയും നിർണായക പങ്ക് വ്യക്തമാക്കുന്നതാണ് കണക്കുകൾ. സര്‍പ്പ ആപ്പിനുകീഴില്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരുണ്ട്. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വൈ മുഹമ്മദ് അന്‍വറാണ് സംസ്ഥാന നോഡല്‍ ഓഫീസര്‍.











0 comments