ad
Deshabhimani

ആനുകൂല്യങ്ങൾ മുടങ്ങി

ഭിന്നശേഷിക്കാരേയും 
മറന്നോ?

Samagra Shiksha Kerala
avatar
സുധ സുന്ദരൻ

Published on Jul 03, 2026, 12:00 AM | 1 min read

മലപ്പുറം

സമഗ്ര ശിക്ഷാ കേരളം (എസ്‌എസ്‌കെ) പദ്ധതിയിൽ സർക്കാർ കൃത്യമായി ഫണ്ട്‌ അനുവദിക്കാത്തതിനാൽ പ്രതിസന്ധിയിലായി ഭിന്നശേഷി വിദ്യാർഥികൾ. എസ്‌എസ്‌കെ മുഖേന ഭിന്നശേഷി വിദ്യാർഥികൾക്ക്‌ ലഭ്യമായിരുന്ന ആനുകൂല്യങ്ങളാണ്‌ ഫണ്ട്‌ ലഭ്യമാക്കാത്തതിനാൽ മുടങ്ങിയത്‌. കഴിഞ്ഞവർഷം പന്ത്രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ്‌ ജില്ലയിൽ വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളായിരുന്നത്‌. ട്രാൻസ്പോർട്ട് അലവൻസ്, എസ്കോർട്ട് അലവൻസ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്റ്റൈപ്പെൻഡ് എന്നിവയെല്ലാം മുടങ്ങിയിരിക്കുകയാണ്. വീൽചെയർ, ക്രച്ചസ്, ശ്രവണ സഹായികൾ, ബ്രെയിൽ പുസ്‌തകങ്ങൾ, പ്രത്യേക സോഫ്‌റ്റ്‌വെയറുകൾ എന്നിവ സൗജന്യമായി വിതരണംചെയ്യുന്ന പദ്ധതിയും പാളി. ഫിസിയോ, സ്‌പീച്ച്‌, ഒക്യുപേഷണൽ തുടങ്ങിയ വ്യത്യസ്ത തെറാപ്പികൾ കുട്ടികൾക്ക്‌ ലഭ്യമാക്കാനായി ബിആർസികളിലും യുആർസിയിലുമായി ഓട്ടിസം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്‌. ആഴ്‌ചയിലൊരിക്കൽ വീടുകളിലെത്തി ഹോം ബേസ്‌ഡ്‌ കുട്ടികൾക്ക്‌ സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സ്‌ ക്ലാസെടുക്കാറുമുണ്ട്‌. എസ്‌എസ്‌കെ ഫണ്ടും ജീവനക്കാരുടെ വേതനവും കുടിശ്ശികയാവുമ്പോൾ ഇ‍ൗ സേവനങ്ങളെല്ലാം മുടങ്ങുമോ എന്ന ആശങ്കയിലാണ്‌ രക്ഷിതാക്കൾ. ​2025–26 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ജില്ലയിലെ 15 ബിആർസികളിലായി 12,131 ഭിന്നശേഷി വിദ്യാർഥികളാണ്‌ വിവിധ ആനുകൂല്യങ്ങൾക്ക്‌ അർഹരായിട്ടുള്ളത്‌. ഓട്ടിസം ബാധിച്ച 336 കുട്ടികൾ പദ്ധതി ഗുണഭോക്താക്കളാണ്‌. കാഴ്‌ച പരിമിതി – 125, സൈറിബ്രൽ പാൾസി–864, ഹീമോഫീലിയ –22, കേൾവി പരിമിതി –1061, ലേണിങ് ഡിസെബിലിറ്റി–780 എന്നിങ്ങനെയാണ്‌ മറ്റ്‌ വിഭാഗങ്ങളിലെ കണക്ക്‌. എസ്‌എസ്‌കെ മുഖേനയും അല്ലാതെയും നടപ്പാക്കിയ ഇത്തരം പദ്ധതികളിലൂടെയാണ്‌ ഭിന്നശേഷിക്കാരായ കുട്ടികൾ അവരുടെ പരിമിതികൾ മറികടന്നിരുന്നത്‌. രക്ഷിതാക്കൾക്കും പദ്ധതികൾ ആശ്വാസം പകർന്നിരുന്നു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിൽനിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തേ സ്‌കൂളിലേക്കയക്കാൻ രക്ഷിതാക്കൾ മടികാണിച്ചിരുന്നു. തെറാപ്പികളടക്കമുള്ള സ‍ൗകര്യങ്ങളും വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ലഭ്യമായതോടെ ഇ‍ൗ സ്ഥിതിക്കും മാറ്റംവന്നു. ഇതു വീണ്ടും പഴയ സ്ഥിതിയിലേക്ക് പോകുമോയെന്ന ആശങ്കയിലാണ്‌ രക്ഷിതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home