ad
Deshabhimani

വേങ്ങര പഴയ വേങ്ങരയല്ല

aa
avatar
കെ കെ രാമകൃഷ്ണൻ

Published on Apr 02, 2026, 12:15 AM | 1 min read

വേങ്ങര

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്‌ കൂടുമാറിയതിന്റെ കാരണം തേടിയാൽ അറിയാം വേങ്ങരയുടെ രാഷ്‌ട്രീയ കാലാവസ്ഥ. മുപ്പതിനായിരത്തിലേറെ വോട്ടിന്‌ ജയിച്ച മണ്ഡലം വിട്ടാണ്‌ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെത്തിയത്‌. വേങ്ങരയിൽ ലീഗ്‌ അത്രമാത്രം വെല്ലുവിളി നേരിടുന്നുണ്ടെന്ന്‌ വ്യക്തം. കുറ്റിപ്പുറത്ത് കെ ടി ജലീലിനോട് തോറ്റെത്തിയ പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ 2011ൽ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ആശ്വാസജയം നൽകിയ നാടാണ്‌ വേങ്ങര. വിജയിച്ച് വ്യവസായ മന്ത്രിയായെങ്കിലും മണ്ഡലത്തിൽ വികസനം എത്തിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം എംപി സ്ഥാനം രാജിവച്ചാണ്‌ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിച്ചത്‌. എംഎൽഎ സ്ഥാനം ലഭിച്ചെങ്കിലും ഭരണം ലഭിക്കാത്തത്‌ വലിയ നിരാശയായിരുന്നു. ഇത്തവണ വേങ്ങരയിൽ വിജയമുറപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ മലപ്പുറത്തേക്കുള്ള കൂടുമാറ്റം. സ്ഥാനമോഹികളായ ലീഗിന്‌ ആധിപത്യമുള്ള മണ്ഡലത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ഏറെയാണ്‌. മണ്ഡലത്തിലെ സർക്കാർ സ്‌കൂളുകളിൽ ഒരുകോടിമുതൽ അഞ്ചുകോടിവരെ ചെലവിട്ടാണ്‌ അടിസ്ഥാന വികസനം സാധ്യമാക്കിയത്‌. വൈദ്യുതിരംഗത്തും മികച്ച പദ്ധതികൾ നടപ്പാക്കി. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. പഞ്ചായത്തുകളിൽ ഹോമിയോ ഡിസ്പെൻസറികളും സ്ഥാപിച്ചു. വേങ്ങരയുടെ കലാ–കായിക രംഗത്തെ മുഖമായ സബാഹ് കുണ്ടുപുഴക്കലാണ് എൽഡിഎഫ്‌ സ്ഥാനാർഥി. 2021ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സബാഹ്‌ 11,255 വോട്ടുകൾ നേടിയിരുന്നു. കുട്ടിക്കാലംമുതൽ കായിക രംഗത്ത്‌ സജീവം. വോളിബോളിൽ ജില്ലാ സംസ്ഥാനതലത്തിൽ തിളങ്ങി. സബാഹ് സ്‌ക്വയർ സ്‌പോർട്‌സ്‌ ആൻഡ്‌ ഇവന്റ്‌സിന്റെ ചെയർമാനാണ്‌. സിമന്റ്‌ ഡീലേഴ്സ് അസോസിയേഷൻ, ബിൽഡിങ്‌ ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ ജില്ലാ പ്രസിഡന്റും സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമാണ്‌. വയനാട്ടുകാരനായ കെ എം ഷാജിയെ ആണ് യുഡിഎഫ് രംഗത്തിറക്കിയത്‌. ഷാജിയുടെ സ്ഥാനാർഥിത്വത്തിൽ ലീഗ്‌ പ്രവർത്തകർക്കിടയിൽതന്നെ എതിർപ്പുണ്ട്‌. എ ആർ നഗർ സ്വദേശി വി എൻ ജയകൃഷ്ണനാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home