ഗൂഗിൾ തരുന്ന നമ്പറും ചതിയൊരുക്കും

മലപ്പുറം
ഏതു കാര്യത്തിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. എന്നാൽ, ഈ രീതി മാറ്റണമെന്നാണ് സൈബർ വിദഗ്‌ധരുടെ മുന്നറിയിപ്പ്. ഇ കൊമേഴ്സ്, ഹോട്ടൽ ബുക്കിങ്, ബാങ്കിങ് ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം തേടാൻ കസ്‌റ്റമർ കെയറുകളെയാണ് നമ്മൾ ആശ്രയിക്കുന്നത്. ആവശ്യമുള്ള ഫോൺ നമ്പർ എടുക്കുന്നത് ഗൂഗിളിൽനിന്നും. വിരൽത്തുമ്പിൽ നമ്പർ കിട്ടുമ്പോൾ മറ്റു വഴികളെന്തിന് തേടണം. എന്നാൽ ഇൗ എളുപ്പവഴി നമ്മളെ കുഴിയിൽ ചാടിക്കും. ഗൂഗിളിൽനിന്ന് ലഭിക്കുന്ന കസ്‌റ്റമർ കെയർ നമ്പറുകളാണ് ചതിക്കുഴികളൊരുക്കുന്നത്. കസ്‌റ്റമർ കെയർ അടക്കമുള്ള സർവീസ് നമ്പറുകൾക്ക് തങ്ങളെ ആശ്രയിക്കരുതെന്ന് ഗൂഗിൾതന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗൂഗിൾ അനുവദിച്ച വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. നിരവധി നമ്പറുകൾ ഇവർ എഡിറ്റ് ചെയ്‌ത് ചേർക്കും. ശരിയായ നമ്പറുണ്ടാകാമെങ്കിലും ആദ്യം ലഭ്യമാകുക തട്ടിപ്പുകാരുടെ നമ്പറായിരിക്കും. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷനിലെ സൂത്രമുപയോഗിച്ചാണ് തട്ടിപ്പുകാർ അവരുടെ നമ്പർ ആദ്യം ലഭിക്കുന്ന രീതിയിലാക്കുന്നത്. ഈ നമ്പറിൽ നമ്മൾ വിളിക്കുന്നതോടെ അവർ പണി തുടങ്ങുകയായി. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം സംസാരിക്കുന്ന ഇവർ ഫോണിലേക്ക് വരുന്ന ലിങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകാൻ നിർദേശിക്കുന്നു. ഇത് നൽകുന്നതോടെ നമ്മുടെ ഫോൺ അവർക്കും കൈകാര്യംചെയ്യാനാവുന്നതാകും. മിറർ ഇമേജ് ആപ്പുകളാണ് ഇത്തരം ലിങ്കുകളായി വരുന്നത്. നമ്മുടെ വിവരങ്ങൾ അവർക്ക് കിട്ടിയതിന്റെ അടുത്ത നിമിഷം അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടും. ഈ സമയത്താണെങ്കിൽ സന്ദേശങ്ങൾ വരുന്നതിൽനിന്നും ശ്രദ്ധ തിരിക്കാനായി ഇവർ കോളിൽ തുടരുകയുംചെയ്യും. സംശയകരമായി തുടരെത്തുടരെ പണം പോകുന്നത് ശ്രദ്ധയിൽപ്പെടുന്നതോടെ ബാങ്കുകളിൽനിന്ന് ബ്ലോക്ക് ചെയ്യുന്നതാണ് ആകെ ആശ്വാസം. നിമിഷങ്ങൾക്കുള്ളിൽ പണം വിവിധ അക്കൗണ്ടുകളിലേക്ക് ഇവർ കൈമാറും. ഇത് മുഴുവനും വ്യാജ അക്കൗണ്ടുകളുമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാനും പൊലീസിനാകില്ല. ഗൂഗിളിൽനിന്നടക്കം എടുക്കുന്ന സർവീസ് നന്പറുകൾ കൃത്യമാണോയെന്ന് ഉറപ്പുവരുത്തുകയാണ് തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള ഏകവഴി. അയക്കുന്ന ലിങ്കുകളിലേക്ക് വിവരങ്ങൾ നൽകുന്നതും ഒഴിവാക്കണമെന്നാണ് സൈബർ വിദഗ്‌ധരുടെ നിർദേശം.










0 comments