ad
Deshabhimani

നാടുനിറഞ്ഞ്‌ ആഫ്രിക്കൻ ഒച്ച്

മലപ്പുറത്ത്  കലക്ടറുടെ ഔദ്യോഗിക വസതിയുടെ മതിലുകളിൽ തമ്പടിച്ച ആഫ്രിക്കൻ ഒച്ചുകൾ

മലപ്പുറത്ത് കലക്ടറുടെ ഔദ്യോഗിക വസതിയുടെ മതിലുകളിൽ തമ്പടിച്ച ആഫ്രിക്കൻ ഒച്ചുകൾ

വെബ് ഡെസ്ക്

Published on Jul 02, 2026, 12:15 AM | 1 min read

മലപ്പുറം

ജനവാസമേഖലയിൽ ആഫ്രിക്കൽ ഒച്ച്‌ പെരുകുന്നു. മലപ്പുറം നഗരസഭയിലെ കൂട്ടമണ്ണ, കാവുങ്ങൽ, കാളമ്പടി, താമരക്കുഴി, ആലുംകുണ്ട് തുടങ്ങിയ മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി. ജനങ്ങളുടെ ദൈനംദിന ജീവിതത്തിനും കൃഷിക്കും ഒരുപോലെ ഭീഷണിയായ ഒച്ചുകളെ നിയന്ത്രിക്കുന്നതിൽ നഗരസഭയ്ക്ക് ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിക്കാനായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ​കടലുണ്ടിപ്പുഴയോരത്തെ പ്രദേശങ്ങളിലാണ് ഒച്ചിന്റെ ശല്യം കൂടുതൽ. കഴിഞ്ഞവർഷം കൂട്ടമണ്ണയിലും കാളമ്പാടിയിലുമായിരുന്നു വ്യാപനമുണ്ടായിരുന്നത്. ഇത്തവണ മഴ ശക്തമായതോടെ താമരക്കുഴി ആലുംകുണ്ട് ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. വീട്ടുമുറ്റത്തും മതിലുകളിലും കിണറിലും വഴിയോരങ്ങളിലുംവരെ വ്യാപകമായി ഒച്ചുകളെ കാണുന്നുണ്ട്‌. കലക്ടറുടെ ഔദ്യോഗിക വസതിയുടെ ബോർഡിലും വസതിയുടെ പരിസരത്തും ആഫ്രിക്കൻ ഒച്ചുകൾ കയറിപ്പറ്റി.​ വിഷയം കഴിഞ്ഞ നഗരസഭാ യോഗത്തിൽ വാർഡ് കൗൺസിലറും സ്ഥിരംസമിതി ചെയർമാനുമായ ഹാരിസ് ആമിയൻ ഉന്നയിച്ചിരുന്നു. ഒച്ചുകളെ നിയന്ത്രിക്കാൻ ഉപ്പ് വിതറാനാണ്‌ നിർദേശമുണ്ടായത്‌. എന്നാൽ, അതിനപ്പുറം ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ ചർച്ചയായില്ല.​ കഴിഞ്ഞദിവസം താമരക്കുഴി റെസിഡന്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ ഉപ്പ് വിതറിയെങ്കിലും ഒച്ചുശല്യത്തിന് കുറവുണ്ടായില്ല. കഴിഞ്ഞവർഷവും കൂട്ടമണ്ണ മേഖലയിൽ ഒച്ചുകളെ നിയന്ത്രിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്ന്‌ നാട്ടുകാർ പറയുന്നു. ​ "ഒച്ചുകളെ ഉന്മൂലനംചെയ്യാൻ ആവശ്യമായ ശാസ്ത്രീയ നടപടി നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തരമായി വേണം’– പ്രാദേശവാസിയായ അബിനു ആവശ്യപ്പെട്ടു. ​മഴ ശക്തമാകുന്നതോടെ ഒച്ചുകളുടെ എണ്ണം ഇനിയും വർധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home