ad
Deshabhimani

സ്ഥിരം പ്രധാനാധ്യാപകനില്ല

പാങ്ങ് ജിഎൽപി സ്കൂൾ അനാഥം

പാങ്ങ് ഗവ. എൽപി സ്കൂൾ

പാങ്ങ് ഗവ. എൽപി സ്കൂൾ

വെബ് ഡെസ്ക്

Published on Jul 09, 2026, 12:02 AM | 1 min read

മങ്കട

വാല്‍പ്പാറ ദുരന്തത്തിൽ അഞ്ച് അധ്യാപകരെ നഷ്ടപ്പെട്ട പാങ്ങ് ഗവ. എൽപി സ്കൂളിനെ ഭരണ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ്‌. ജൂൺ 30-ന് സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകനെ ജിഎൽപിഎസ് പാങ്ങിന്റെ പ്രധാനാധ്യാപകനായി നിയമിച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. 2026 ജൂൺ 27-നാണ്‌ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഉത്തവ്‌ പുറത്തിറക്കിയത്‌. ഇതോടെ സമീപത്തെ പാങ്ങ് ഗവ. യുപി സ്കൂളിലെ പ്രധാനാധ്യാപകന് നൽകിയിരുന്ന അധിക ചുമതല അവസാനിച്ചു. എന്നാൽ പുതുതായി ചുമതലയേറ്റ പ്രധാനാധ്യാപകന്റെ സർവീസ്‌ 30വരെമാത്രമായിരുന്നു. ജൂലൈ ഒന്നുമുതൽ പാങ്ങ് സ്‌കൂൾ സ്ഥിരം പ്രധാനാധ്യാപകനില്ലാതെ പ്രവർത്തിക്കേണ്ട സാഹചര്യമാണ്‌. വിദ്യാലയത്തെ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വിദ്യാഭ്യാസ വകുപ്പ്‌ നടപടി പ്രതിഷേധാർഹമാണെന്ന്‌ പിടിഎയും രക്ഷിതാക്കളും പറഞ്ഞു. ഭരണ പ്രതിസന്ധിയെ തുടർന്ന്‌ സ്‌കൂളിലെ ദിവസ വേതന അധ്യാപകരുടെ ശമ്പളബില്ലുകൾ പാസാക്കുന്നതും ഔദ്യോഗിക രേഖകളിൽ തീരുമാനമെടുക്കുന്നതും നിലച്ചു. സാമ്പത്തിക-, ഭരണപരമായ മറ്റ് നടപടികളും പ്രതിസന്ധിയിലായി. വാല്‍പ്പാറ ദുരന്തത്തിൽ മരിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള രേഖകൾ സമയബന്ധിതമായി സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്. മരണപ്പെട്ട ജീവനക്കാരുടെ കുടുംബാംഗങ്ങളും കടുത്ത ആശങ്കയിലാണ്. വിദ്യാലയത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധത അറിയിച്ച പരിചയസമ്പന്നനായ പ്രധാനാധ്യാപകനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎ നേരത്തെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ പരിഗണിച്ചില്ല. ദുരന്തം നടന്നതിന്റെ പിറ്റേദിവസംതന്നെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം സമീപത്തെ പാങ്ങ് ഗവ. യുപി സ്കൂളിലെ പ്രധാനാധ്യാപകൻ കെ അഹമ്മദ്കുട്ടിക്ക് അധിക ചുമതല നൽകിയിരുന്നു. ആവശ്യമായ സ്ഥലംമാറ്റ നടപടികൾ സ്വീകരിക്കാനും വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. അതനുസരിച്ച് അവധിക്കാലത്തുതന്നെ താല്‍പ്പര്യമുള്ള അധ്യാപകരെ നിയമിച്ച് ഭരണപ്രതിസന്ധി പരിഹരിച്ചിരുന്നുവെന്നും പിടിഎ പറഞ്ഞു. എന്നാൽ നിലവിലെ നടപടികൾ വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. പ്രതിസന്ധി മറികടക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന്‌ പിടിഎ ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home