കണ്ടെത്തൽ തിരൂരങ്ങാടിയിൽ നടത്തിയ പരിശോധനയിൽ
മന്തിയില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്ത് വിൽപ്പന

തിരൂരങ്ങാടി നഗരസഭാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന
തിരൂങ്ങാടി
തിരൂരങ്ങാടിയിൽ മന്തിയില്‍ വ്യാപകമായി മൃഗക്കൊഴുപ്പ് ചേര്‍ത്ത് വിൽപ്പന നടത്തുന്നതായി കണ്ടെത്തൽ. നഗരസഭാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായ പ്രവൃത്തികൾ കണ്ടെത്തിയത്. രുചിയ്ക്കും മറ്റുമായി പ്രത്യേക സാധനങ്ങൾ ചേർക്കുന്നുവെങ്കിൽ അവ പരാമർശിച്ച് ബോർഡ് വയ്ക്കേണ്ടതാണ്. എന്നാൽ ഇതിന് വിരുദ്ധമായി ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്താണ് മന്തി തയ്യാറാക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. വിവിധ ഹോട്ടലുകള്‍, ബേക്കറി, കൂൾബാർ, മീൻ മാർക്കറ്റ് എന്നിവിടങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തി. താലൂക്ക് ഓഫീസ് കാന്റീനിൽ സ്റ്റാളുകളിൽനിന്ന് കൊണ്ടുവന്ന ചിക്കൻ രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടിവയ്ക്കുന്നതായും കണ്ടെത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കാന്റീൻ തുറക്കരുതെന്ന് നോട്ടീസ് നൽകി. മാർക്കറ്റ് റോഡിലെ അറഫ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധയിൽ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കാന്റീൻ, ബ്ലോക്ക് ഓഫീസ് കാന്റീൻ, തൈക്കാടൻ മെസ്സ്, ഗ്രീൻ ഒ ബസ് സ്റ്റാന്‍ഡ്, കക്കാട് ഹോട്ടൽ ഷാജി, അറേബ്യൻ മജ്ലിസ്, ബസ് സ്റ്റാന്‍ഡ് ന്യൂ ലെവൽ ബേക്കറി എന്നീ സ്ഥാപനങ്ങളിൽനിന്ന് തലേദിവസം പാചകംചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മുഴുവൻ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. നഗരസഭാ സെക്രട്ടറി എം വി റംസി ഇസ്മായിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗരസഭാ ക്ലീൻ സിറ്റി മാനേജർ ടി കെ പ്രകാശൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ മോഹന്‍ദാസ്, പബ്ലിക് ഹെൽത്ത് ഇന്‍സ്പെക്ടർമാരായ പി പി സ്മിത, എസ് ശ്രീജി, കെ വിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.










0 comments