ad
Deshabhimani

മഴ 
കനത്തു

മലയോരത്ത് 
ജാഗ്രതാ നിർദേശം

കനത്ത മഴയിൽ കുറുമ്പലങ്കോട് വില്ലേജിന് കീഴിലെ മതിൻമൂലയിൽ 
പുഴയിലെ മലവെള്ളപ്പാച്ചിൽ

കനത്ത മഴയിൽ കുറുമ്പലങ്കോട് വില്ലേജിന് കീഴിലെ മതിൻമൂലയിൽ 
പുഴയിലെ മലവെള്ളപ്പാച്ചിൽ

വെബ് ഡെസ്ക്

Published on Jul 09, 2026, 12:07 AM | 1 min read

നിലമ്പൂർ

മണിക്കൂറുകളായി നിലമ്പൂർ മേഖലയിൽ കനത്ത മഴ തുടരുന്നു. ചാലിയാർ പുഴയിലും പോഷകനദികളിലും ജലനിരപ്പ് ഉയർന്നു. താഴ്‌ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വനത്തിനുള്ളില്‍ മഴ കനത്തതോടെ ചാലിയാറിലേക്ക് വലിയ തോതിൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്. പുന്നപ്പുഴ, കുതിരപ്പുഴ, കുറുവന്‍പുഴ, കാഞ്ഞിരംപുഴ, കരിമ്പുഴ എന്നിവയിൽ ജലനിരപ്പ് ഉയര്‍ന്നു. തോടുകള്‍ കരകവിഞ്ഞതിനാല്‍ കെഎന്‍ജി റോഡും ഗ്രാമീണ റോഡുകളും വെള്ളത്തിലായി. വെളിയംതോട്, ജ്യോതിപ്പടി എന്നിവിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. മലയോരത്തുകൂടി അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചാലിയാർ, പോഷകനദികൾ, തോടുകൾ എന്നിവയിൽ ഇറങ്ങരുതെന്നും, സെൽഫിയെടുക്കാനോ വിനോദത്തിനായി നദീതീരങ്ങളിൽ എത്തരുതെന്നും മുന്നറിയിപ്പുണ്ട്‌. രാത്രികാലങ്ങളിൽ നദീതീര റോഡുകളിലൂടെ സഞ്ചരിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോരത്ത്‌ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്‌ക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്‌. അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെയോ ദുരന്തനിവാരണ അധികൃതരെയോ വിവരം അറിയിക്കണം. മഴയുടെ ശക്തിയും നദികളിലെ ജലനിരപ്പും ബന്ധപ്പെട്ട വകുപ്പുകൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്‌. മഴ കനക്കുന്ന പശ്ചാത്തലത്തിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന്‌ നടപടിയായിട്ടില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഉള്‍വനങ്ങളിലെ ഉന്നതികളില്‍ അത്യാവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും വീഴ്ചയുണ്ടായെന്ന്‌ ആരോപണമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home