4 പേര്‍ക്കുകൂടി ഷിഗല്ല

മലപ്പുറം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വയോധികയ്ക്ക് ഉള്‍പ്പെടെ നാലുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ ജില്ല. മഞ്ചേരി തൃക്കലങ്ങോട് സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരിക്കും അരീക്കോട് സ്വദേശിയായ ഏഴുവയസ്സുകാരനും മമ്പാട് സ്വദേശിയായ രണ്ടുവയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു. ഏഴുവയസ്സുകാരന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടുവയസ്സുകാരി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. തൃക്കലങ്ങോട് സ്വദേശിനി രോഗമുക്തി നേടി ആശുപത്രിവിട്ടു. ബുധനാഴ്ചയാണ് എല്ലാവരുടെയും സ്രവപരിശോധനാ ഫലം പുറത്തുവന്നത്. ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 19 പേര്‍ക്കാണ് ഷിഗല്ല പോസിറ്റീവായത്. ഇതില്‍ മൂന്നുപേര്‍ മരിച്ചു. കീഴാറ്റൂര്‍ തച്ചിങ്ങനാടം സ്വദേശി വേർക്കോട്ടുപറമ്പിൽ സരോജിനി (69), മലപ്പുറം വടക്കേമണ്ണയിലെ മൂന്നാംപടിയൻ ബൈജുവിന്റെ മകൻ ആർജവ് (8) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇവരുള്‍പ്പെടെ 13 പേര്‍ക്ക് ഈമാസമാണ് രോഗം സ്ഥിരീകരിച്ചത്. മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങള്‍ പാളിയതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. ബുധനാഴ്ച 2222 പേര്‍ പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ഒപി ചികിത്സതേടി. അഞ്ചുപേരെ കിടത്തിച്ചികിത്സയ്ക്കും വിധേയമാക്കി. അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഊര്‍ങ്ങാട്ടിരി, കൊണ്ടോട്ടി, മംഗലശേരി, പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാല് മഞ്ഞപ്പിത്തം കേസുകളും റിപ്പോര്‍ട്ട്ചെയ്തു.
മരിച്ച ആലിപ്പറമ്പ് സ്വദേശിനിക്ക് ഷിഗല്ല
പെരിന്തൽമണ്ണ സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരുമരണംകൂടി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ച പെരിന്തല്‍മണ്ണ ആലപ്പിറമ്പ് എടായ്ക്കൽ സ്വദേശിനി ഒറ്റേത്ത് നബീസ (74)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് സ്രവപരിശോധനാ ഫലം പുറത്തുവന്നത്. അര്‍ബുദബാധിതയായിരുന്ന ഇവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് വരാനിരിക്കെയാണ് ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ഷിഗല്ല ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. തുടര്‍ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: പരേതനായ മൊയമ്മി. മക്കൾ: മുഹമ്മദലി, ആസ്യ. മരുമകൾ: റംല.










0 comments