വാഹനത്തിന്റെ ഡാറ്റ മറ്റ് സബ് ആർടിഒയിലാണോ
തിരൂരങ്ങാടിയിൽ ഫിറ്റ്നസില്ല

പി പ്രശാന്ത്കുമാർ
Published on Nov 09, 2026, 12:00 AM | 2 min read
തിരൂരങ്ങാടി
വിജിലൻസ് പരിശോധനക്ക് പിന്നാലെ തിരൂരങ്ങാടി താലൂക്ക് പരിധിയിൽ വിലാസമുള്ള വാഹനങ്ങളുടെ ഫിറ്റ്നസിന് ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നതായി പരാതി. വാഹനത്തിന്റെ ഡാറ്റ തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിലല്ലാതെ മറ്റൊരു ആർടിഒ ഓഫീസിലാണെന്ന കാരണത്താൽ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്. ജോ. ആർടിഒയുടെ നിർദേശത്തെ തുടർന്നാണ് പരിശോധന ഒഴിവാക്കുന്നതെന്ന വിമർശവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞദിവസം തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മറ്റ് ആർടി ഓഫീസുകളിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾ തിരൂരങ്ങാടിയിൽ വ്യാപകമായി ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ഓഫീസുകളിൽ ഡാറ്റയുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ തിരൂരങ്ങാടി താലൂക്ക് പരിധിയിൽ താമസിക്കുന്ന വാഹന ഉടമകളാണ് ദുരിതത്തിലായത്. മറ്റ് ആർടിഒ ഓഫീസ് പരിധിയിലുള്ള വ്യക്തികളിൽനിന്ന് തിരൂരങ്ങാടി താലൂക്കിലുള്ളവർ വാഹനം വാങ്ങുമ്പോൾ ആദ്യ ഉടമയുടെ വിലാസവും രജിസ്ട്രേഷൻ വിവരങ്ങളും അടിസ്ഥാനമാക്കി വാഹനത്തിന്റെ ഡാറ്റ പഴയ ആർടിഒ/സബ് ആർടി ഓഫീസിൽത്തന്നെ തുടരുന്ന സാഹചര്യമുണ്ട്. എന്നാൽ, വാഹനത്തിന്റെ നിലവിലെ ഉടമയുടെ വിലാസം തിരൂരങ്ങാടി താലൂക്കിലായിരിക്കും. ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കായി ദൂരെയുള്ള മറ്റ് ആർടിഒ/സബ് ആർടിഒ ഓഫീസുകളിലേക്ക് പോകേണ്ടിവരുന്നത് ഉടമകൾക്ക് ദുരിതവും സാമ്പത്തിക ബാധ്യതയുമാണ്. തിരൂരങ്ങാടിയിലെ ഗ്രൗണ്ടിൽ ഫിറ്റ്നസ് പരിശോധന നടത്തിയ വാഹനങ്ങൾക്കുപോലും സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.
ഇത്തരത്തിൽ പരിശോധന നടത്തിയിട്ടും ഫിറ്റ്നസ് ലഭിക്കാത്തതിനെ തുടർന്ന് പറപ്പൂർ സ്വദേശിയായ വാഹന ഉടമ ജോ. ആർടിഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് പരിശോധനയുടെ പേരിൽ വാഹന ഉടമകളായ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങൾക്ക് നിയമപരമായി തിരൂരങ്ങാടിയിൽ ഫിറ്റ്നസ് പരിശോധന നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം നൽകണമെന്നും അനാവശ്യ യാത്രാദുരിതം ഒഴിവാക്കണമെന്നും താലൂക്ക് സഭയിൽ നഗരസഭാ കൗൺസിലർ അഡ്വ. സി ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.
ആർസി ഡാറ്റ തിരൂരങ്ങാടിയിലേക്ക് മാറ്റണം: ജോയിന്റ് ആർടിഒ
തിരൂരങ്ങാടി താലൂക്ക് പരിധിയിൽ വിലാസമുള്ള എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധന തിരൂരങ്ങാടി അരീത്തോടുള്ള ഫിറ്റ്നസ് ഗ്രൗണ്ടിൽത്തന്നെ നടക്കുന്നുണ്ടെന്ന് ജോയിന്റ് ആർടിഒ ജി സുഗതൻ അറിയിച്ചു. നിലവിലെ ഉടമയുടെ വിലാസം തിരൂരങ്ങാടി താലൂക്കിലാണെങ്കിലും വാഹനത്തിന്റെ ആർസി ഡാറ്റ പഴയ ആർടിഒ/സബ് ആർടി ഓഫീസിൽ തുടരുന്നുണ്ടെങ്കിൽ ഫിറ്റ്നസ് പരിശോധനയ്ക്കുമുമ്പായി ആർസി ഡാറ്റ തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിലേക്ക് മാറ്റാൻ അപേക്ഷ സമർപ്പിക്കണം. ഫിറ്റ്നസ് പരിശോധനാ ഫീസ് അടയ്ക്കുന്നതിനുമുമ്പ് അപേക്ഷ നൽകിയാൽ ഉടൻതന്നെ ആർസി ഡാറ്റ തിരൂരങ്ങാടിയിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. ഡാറ്റ മാറ്റിയതിനുശേഷം ഫീസ് അടച്ച് കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ പകൽ ഒന്നുവരെയും വൈകിട്ട് നാലുമുതൽ അഞ്ചുവരെയും ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.









0 comments