Deshabhimani

ആരോഗ്യത്തിൽ അവഗണന

AA
avatar
ടി വി സുരേഷ്‌

Published on Nov 19, 2026, 12:15 AM | 1 min read

മഞ്ചേരി

നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും അധികൃതരുടെ അനാസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ റസിഡൻസ് ക്വാർട്ടേഴ്സ് പണി നിലച്ചു. വൈദ്യുതീകരണവും പ്ലംബിങ് ജോലികളും പൂർത്തിയാകാത്തതിനാൽ കെട്ടിടം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. മൂന്ന് കോടി രൂപ ചെലവിട്ട കെട്ടിടം പരിപാലനമില്ലാതെ നശിക്കുകയാണ്. ആശുപത്രി മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മൂന്ന് കോടി രൂപ ചെലവിലാണ് നാല് നില കെട്ടിടം ഒരുക്കിയത്. 1490 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ ഓരോ നിലയിലും 15 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയോട് ചേർന്ന് താമസ സൗകര്യം ഒരുക്കിയത്. മൂന്ന് കിടപ്പുമുറികൾ, ലിവിങ് റൂം, അടുക്കള എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഓരോ ക്വാർട്ടേഴ്സിലുമുള്ളത്. ഒന്നാംനിലയിൽ പാർക്കിങ് സൗകര്യവുമുണ്ട്. പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയാൽ കെട്ടിടം ഉപയോഗയോഗ്യമാക്കാം. എന്നാൽ വൈദ്യുതീകരണവും കുടിവെള്ള സംവിധാനവും ഒരുക്കുന്നതിൽ അധികൃതർ നടപടിയെടുത്തില്ല. കരാറുകാരന് വലിയ തുക കുടിശ്ശികയായതും തുടർപ്രവൃത്തികൾക്ക് തടസ്സമായി. ഇതോടെ ശേഷിക്കുന്ന ജോലികൾ നിലച്ചു. ഡോക്ടർമാർക്ക് ആശുപത്രിയോട് ചേർന്ന് താമസസൗകര്യമൊരുക്കി അടിയന്തര ഘട്ടങ്ങളിലടക്കം സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച കെട്ടിടമാണ് ഉപയോഗിക്കാനാകാതെ കിടക്കുന്നത്. ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കി കെട്ടിടം തുറന്നുകൊടുക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home