പടുത്തുയർത്തി പോത്തുകല്ല്‌

Pothukallu is a panchayat that was resurrected from the flood disaster by the LDF government.

പോത്തുകല്ല് പഞ്ചായത്ത് ഓഫീസ്

avatar
വി കെ ഷാനവാസ്‌

Published on Jun 11, 2025, 12:15 AM | 2 min read


എടക്കര

എൽഡിഎഫ് സർക്കാർ പ്രളയക്കെടുതിയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച പഞ്ചായത്താണ്‌ പോത്തുകല്ല്. ഭൂമി, വീട്, പാലം, റോഡ്‌ എന്നിവക്കായി 100 കോടി പ്രളയ അതിജീവനത്തിന് സർക്കാർ അനുവദിച്ചു. 2019ലെ പ്രളയത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശം നേരിട്ടതും ഏറ്റവുമധികം മരണം നടന്നതുമിവിടെയാണ്. കവളപ്പാറ ദുരന്തത്തിൽമാത്രം 59 പേർ മരണപ്പെട്ടു. 77 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിൽ 6722 വീടുകളാണുള്ളത്‌. ജനസംഖ്യ–- 32,401. 29,667 വോട്ടർമാരുമുണ്ട്. വനത്തിനകത്തുൾപ്പെടെ 24 നഗറുകളും 1094 ആദിവാസികളും പഞ്ചായത്തിലുണ്ട്. ചുങ്കത്തറ, എടക്കര പഞ്ചായത്തുകൾ വിഭജിച്ച് 2000 ഒക്ടോബർ ഒന്നിനാണ് പോത്തുകല്ല് പഞ്ചായത്ത് രൂപീകരിച്ചത്‌. 17 വാർഡുകളുണ്ട്‌. കിഴക്ക് എടക്കര പഞ്ചായത്ത്, പടിഞ്ഞാറ് വനപ്രദേശം, തെക്ക്‌ ചുങ്കത്തറ പഞ്ചായത്ത്, വടക്ക് വയനാട്‌ തമിഴ്നാട്ടിലെ നീലഗിരി ജില്ല എന്നിവ സ്ഥിതിചെയ്യുന്നു. എൽഡിഎഫ് സർക്കാർ 20 കോടി രൂപ അനുവദിച്ച് കവളപ്പാറ പുനരധിവാസം പൂർത്തിയാക്കി. യുഡിഎഫ് ഭരിക്കുന്ന ജില്ല–-ബ്ലോക്ക് പഞ്ചായത്തുകൾ ഓരോവർഷവും ബജറ്റിൽ കവളപ്പാറയെ മറന്നപ്പോൾ പോത്തുകല്ല് പഞ്ചായത്തും സംസ്ഥാന സർക്കാരും നാടിനെ ചേർത്തുപിടിച്ചു. പ്രദേശത്തിന്റെ എംപികൂടിയായ രാഹുൽ ഗാന്ധി കവളപ്പാറക്ക് ഒരുരൂപപോലും അനുവദിച്ചില്ല. ഉരുൾപൊട്ടലുണ്ടായ പാതാറിനെയും സർക്കാർ കൈപിടിച്ചുയർത്തി. പോത്തുകല്ല് വില്ലേജിൽമാത്രം 179 കുടുംബങ്ങൾക്ക് ഭൂമിക്കും വീടിനും 10 ലക്ഷംവീതമാണ്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ക്യാമ്പിൽ കഴിഞ്ഞ 32 ആദിവാസികൾക്ക് ആനക്കല്ലിൽ ഭൂമിയും വീടും നൽകി പുനരധിവസിപ്പിച്ചു. കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കി. മുണ്ടേരി ചളിക്കൽ ആദിവാസി നഗറിലെ 34 കുടുംബത്തിനും ചെമ്പങ്കൊല്ലി മലച്ചിയിൽ അഞ്ചേക്കർ വാങ്ങി വീടുവച്ച് പുനരധിവാസം നടപ്പാക്കി. 45 കോടി ചെലവഴിച്ച് ചാത്തമുണ്ടമുതൽ മുണ്ടേരി ഫാം ഗേറ്റുവരെ മലയോര ഹൈവേ പൂർത്തിയാക്കി. ഇരുട്ടുകുത്തിയിൽ 5.76 കോടി അനുവദിച്ച് ആദിവാസി കുടുംബത്തിന് പാലം നിർമാണം ആരംഭിച്ചു. പ്രളയത്തിൽ തകർന്ന ശാന്തിഗ്രാമിന് 12 കോടി പാലത്തിന് അനുവദിച്ചു. കുനിപ്പാലയിൽ തകർന്ന പാലം പുനർനിർമിച്ചു. മുണ്ടേരി ഹൈസ്‌കൂളിന് 1.85 കോടി അനുവദിച്ചു. വനാതിർത്തികളിൽ കാട്ടാനശല്യം തടയാൻ സോളാർ വേലി സ്ഥാപിച്ചു. പ്രളയനാശത്തിനുശേഷം മുണ്ടേരി ഫാമിൽ 7 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. ഒമ്പത് വർഷം 3.90 കോടിയുടെ ഗ്രാമീണ റോഡും കുടിവെള്ള പദ്ധതിയും നടപ്പാക്കി. മുറംതൂക്കിയിൽ 1.3 കോടിയുടെ വിസിബി കം ബ്രിഡ്ജ് നിർമിച്ചു. വനത്തിനുള്ളിൽ വാണിയമ്പുഴ, ചെമ്പ്ര ആദിവാസി നഗറിൽ റോഡ് നിർമിച്ചു. ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി നഗറിൽ ഉൾവനത്തിലൂടെ കേബിൾ സ്ഥാപിച്ച് 1.84 കോടി ചെലവിൽ വൈദ്യുതി എത്തിച്ചു. 850 പേർക്ക് ലൈഫിൽ വീടുകൾ നൽകി. 4242 ഗുണഭോക്താക്കൾക്ക് 67 ലക്ഷം പ്രതിമാസം ക്ഷേമ പെൻഷൻ നൽകിവരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home